
വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ പ്രദീപിന് വിട നൽകി ജന്മനാട്. പൂർണ സൈനിക ബഹുമതികളോടെ എ പ്രദീപിന്റെ സംസ്‌കാരം നടന്നു
പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചത്. എ.പ്രദീപിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് പൊന്നൂക്കരയിലെത്തിയത്. വാളയാറിൽ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകൾ അണിചേർന്നു. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടിയുമാണ് മൃതദേഹം വാളയാറിലെത്തി ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും, ടി എൻ പ്രതാപൻ എം പിയും മൃതദേഹത്തെ അനുഗമിച്ചു. പൊന്നൂക്കരയിലെ വീട്ടിൽ മന്ത്രി ആർ ബിന്ദുവും എത്തി.
ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിലാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, മലയാളി ജവാൻ എ പ്രദീപ് എന്നിരുൾപ്പെടെ 14 പേർ അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.