Trending Now

ബിജു ജോൺ  കോശി, ശ്രീവിദ്യ പാപ്പച്ചൻ, ന്യു യോർക്ക് സിറ്റിയിൽ ജഡ്ജിമാർ

Spread the love

 

ന്യു യോർക്ക്: രണ്ട്  ഇന്ത്യാക്കാരടക്കം 12  പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ നിയമിച്ചു. ഒരാളെ ഫാമിലി കോടതിയിലേക്കും ഏഴു പേരെ സിവിൽ കോടതിയിലേക്കും നാല് പേരെ ക്രിമിനൽ കോടതിയിലേക്കുമാണ് നിയമിച്ചത്.
ബിജു ജോൺ കോശിയെ ക്രിമിനൽ കോടതി ജഡ്ജി ആയും ശ്രീവിദ്യ പാപ്പച്ചനെ സിവിൽ കോടതി ജഡ്ജി ആയുമാണ് നിയമിച്ചിട്ടുള്ളത്. 12 പേരിൽ ഇവർ രണ്ട് ഇന്ത്യാക്കാർ മാത്രമേയുള്ളു.  ജഡ്ജ് ശ്രീവിദ്യ പാപ്പച്ചനെ  പിന്നീട് ക്രിമിനൽ കോടതിയിലേക്ക് നിയമിച്ചേക്കും.
പരിചയ സമ്പന്നനായ ട്രയൽ ലോയറും   കൗൺസലറുമാണ് ബിജു ജോൺ കോശി. സമാനതകളില്ലാത്ത ക്രിമിനൽ നിയമപരിചയമ കൈമുതലായുണ്ട്. ബ്രോങ്ക്‌സ് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിലെ പ്രോസിക്യൂട്ടർ എന്ന നിലയിൽ, ബിജു നൂറുകണക്കിന് കേസുകൾ വിചാരണ ചെയ്തു. ചെറിയ കുറ്റങ്ങൾ മുതൽ സായുധ കവർച്ചകൾ, കൊലപാതകശ്രമങ്ങൾ, ഗാങ്ങുമായി  ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ കൗണ്ടിയിലെ ഏറ്റവും അക്രമാസക്തമായ ചില കുറ്റങ്ങൾ വരെ ഇവയിൽ പെടും.
ജഡ്ജിമാരായി രണ്ട് ഇന്ത്യാക്കാരുടെ നിയമനം സമൂഹത്തിനു, പ്രത്യേകിച്ച് മലയാളികൾക്ക്, അഭിമാനമായി. സ്റ്റേറ്റ്  യൂണിഫൈഡ് കോർട്ട് സിസ്റ്റത്തിലേക്കാണ് ബിജു ജോൺ  കോശിയുടെയും ശ്രീവിദ്യ പാപ്പച്ചൻറെയും നിയമനം. തെരെഞ്ഞെടുക്കപ്പെടുന്ന ജഡ്ജിമാരും നിയമിക്കപ്പെടുന്ന ജഡ്ജിമാരുമുണ്ടെന്നതിനാൽ കുറച്ച് സങ്കീർർണമാണ് ഈ സിസ്റ്റം മനസിലാക്കാൻ.
ഏഴു വർഷത്തേക്കാണ് ജഡ്ജിമാരുടെ നിയമനം.
മാരാമൺ മുണ്ടക്കൽ കുടുംബാംഗം ജോൺ  കോശിയുടെയും അന്തരിച്ച ആലീസ് കോശിയുടെയും ഏക സന്താനമാണ് ജഡ്ജ് ബിജു ജോൺ  കോശി. പത്തനംതിട്ട പൂക്കൊട്ട്  ലിനോ കോശിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.  ബാങ്ക് ഓഫ് അമേരിക്കയിൽ വൈസ് പ്രസിഡന്റാണ് ലിനോ കോശി.
സ്ഥാനമൊഴിയുന്നതിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മേയർ ബിൽ ഡി ബ്ളാസിയോ നിയമനം നടത്തിയതിൽ ജഡ്ജ് ബിജു കോശി അദ്ദേഹത്തിന്  നന്ദി പറഞ്ഞു.
മികച്ച പ്രാക്ടീസുള്ള അറ്റോർണി ആയിരിക്കുന്നതാണോ ജഡ്ജി ആകുന്നതാണോ നല്ലത് എന്ന ചോദ്യത്തിന്  ജഡ്ജി പദവി പണവുമായി ബന്ധപ്പെട്ടതല്ലെന്നു ജഡ്ജ് കോശി ചൂണ്ടിക്കാട്ടി. സമൂഹത്തെ സേവിക്കാൻ കിട്ടിയ ഒരവസരമായിട്ടാണ് താൻ ഇതിനെ കാണുന്നത്.
ലോ എൻഫോഴ്‌സ്‌മെന്റ് രംഗത്തുള്ള മലയാളികളൊക്കെ വലിയ വെല്ലുവിളികൾ നേരിടുന്നവരാണ്. തന്റെ കാര്യവും വ്യത്യസ്തമല്ലെന്നദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസിൽ ചീഫ് എന്ന നിലയിൽ ഏറെ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടി വന്നു. അപ്പോൾ വെല്ലുവിളികളും കൂടും.  വംശീയത മുതൽ എതിർപ്പ് കണ്ടുവെന്ന് വരും. പക്ഷെ ജോലിയിൽ സത്യസന്ധതയും   ആത്മാര്ഥതയും  കാണിക്കുമ്പോൾ എതിർപ്പുകൾ തനിയെ കെട്ടടങ്ങും.  സ്വന്തം ജോലി ഏറ്റവും മികച്ച രീതിയിലും നിർഭയമായും നിഷ്പക്ഷമായും ചെയ്യുമ്പോൾ വിമര്ശനങ്ങൽ ഇല്ലാതാകും. ഇതാണ് തന്റെ അനുഭവം-അദ്ദേഹം ചൂണ്ടിക്കാട്ടി.
ജഡ്ജി എന്ന നിലയിലും ഈ പ്രവർത്തനം തുടരണമെന്നാഗ്രഹിക്കുന്നു. ഒട്ടേറെ കടമ്പകൾ കടന്നാലേ ജഡ്ജി ആയി നിയമനം ലഭിക്കൂ. തെരെഞ്ഞെടുപ്പിനേക്കാൾ പ്രയാസം. അവ വിജയകരമായി തരണം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ലീഗൽ എയ്ഡ് സൊസൈറ്റിയിൽ സ്റ്റാഫ് അറ്റോർണി ആയി  നിയമ ജീവിതം ആരംഭിച്ച ജഡ്ജി ശ്രീവിദ്യ പാപ്പച്ചൻ ഒമ്പത് വർഷത്തിലേറെ അത്  തുടർന്നു. അതിനുശേഷം   ന്യൂയോർക്ക് കൗണ്ടി ക്രിമിനൽ കോടതിയിലെ ജഡ്‌ജ്‌ ജോഷ് ഇ. ഹാൻഷാഫ്റ്റിന്റെ കോർട്ട് അറ്റോർണിയായി.
 ജഡ്ജ് പാപ്പച്ചൻ മസാച്യുസെറ്റ്സ് – ആംഹെർസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. തുടർന്ന് ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് നിയമ ബിരുദവും നേടി.

ഫ്ലോറൽ പാർക്കിലുള്ള അറ്റോർണി സ്റ്റാൻലി പാപ്പച്ചൻന്റെ ഭാര്യയാണ്

error: Content is protected !!