പോലീസ് നടപടി ശക്തം; വധശ്രമക്കേസിലേത് ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റില്‍

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം :  പത്തനംതിട്ട  ജില്ലയില്‍  സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കും മറ്റും എതിരെയുള്ള പോലീസ് നടപടി തുടരുന്നു. വധശ്രമകേസുകളിലും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ യുവാവ് അടക്കം എട്ടു പേര്‍ പിടിയില്‍. കൂടാതെ വ്യാപകമായി മുന്‍കരുതല്‍ അറസ്റ്റും ഉണ്ടായി. 11 പോലീസ് സ്റ്റേഷനുകളിലായി 18 ആളുകളെ മുന്‍കരുതലായി അറസ്റ്റ് ചെയ്തുവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ഇത്തരം പോലീസ് നടപടികള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

നിരവധി കേസിലെ പ്രതി ഒളിവില്‍ കഴിയവേ വലയിലായി
രണ്ട് വധശ്രമ കേസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയും നിലവില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളുമായ റാന്നി മുക്കാലുമണ്‍ തുണ്ടിയില്‍ വീട്ടില്‍ വിശാഖ് (27) തമിഴ്‌നാട്ടിലെ എരുമപ്പെട്ടിയില്‍ ഒളിവില്‍ കഴിഞ്ഞുവരവേ പിടിയിലായി. ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ തുടര്‍ന്നു വരുകയാണ്. മുക്കാലുമണ്ണില്‍ രാജേഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. ഈ കേസിലെ കൂട്ടുപ്രതികളായ മുക്കാലുമണ്‍ മോടിയില്‍ അജു എം. രാജന്‍, മുക്കാലുമണ്‍ ആറ്റുകുഴി തടത്തില്‍ അരുണ്‍ ബിജു എന്നിവരും പിടിയിലായി.

 

ഇതര സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളജുകളില്‍ വന്‍ തുക കമ്മീഷന്‍ വാങ്ങി അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കുകയായിരുന്നു വിശാഖ്. സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റും കാരണം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്ന വിദ്യാര്‍ഥികള്‍ പരാതി നല്‍കിയാല്‍ അവരെ ഇയാള്‍ മര്‍ദ്ദനത്തിനിരയാക്കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നതായും പോലീസ് പറയുന്നു.

 

ബാംഗളൂര്‍, സേലം, കോയമ്പത്തൂര്‍, നാമക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു പ്രതികള്‍. ഒന്നാം പ്രതിയായ വിശാഖ് ഇയാളുടെ വാഹനം രൂപം മാറ്റി ഉപയോഗിക്കുന്നതായി കണ്ടെത്തിയ പോലീസ് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്താലാണ് പ്രതികളെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തത്. റാന്നി ഡിവൈഎസ്പി മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷ്, എസ്‌ഐ അനീഷ്, സിപിഒമാരായ ലിജു, ബിജു മാത്യു, വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ ഇവരെ പിടികൂടിയത്.

കുറ്റകരമായ നരഹത്യാശ്രമ കേസില്‍ അറസ്റ്റ്

 

ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്ക് പറ്റിയ കേസില്‍ പ്രതിയെ പുളികീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരിയില്‍ വച്ച് ഉണ്ടായ സംഭവത്തില്‍ സുനീഷ് എന്നയാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഈ കേസില്‍ അഭിലാഷ് (40) ആണ് ഇന്നലെ അറസ്റ്റിലായത്.

ജെസിബി ഡ്രൈവര്‍ അറസ്റ്റില്‍

എഴുമറ്റൂരില്‍ സ്വകാര്യ വസ്തുവില്‍ അതിക്രമിച്ചുകടന്ന് ജെസിബി ഉപയോഗിച്ച് അനധികൃതമായി മണ്ണെടുത്തതിന് പെരുമ്പെട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡ്രൈവര്‍ പിടിയില്‍. പ്രവീണ്‍ കുമാര്‍ എന്ന ആളിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ദേഹോപദ്രവ കേസില്‍ മൂന്ന് അറസ്റ്റ്

തിരുവല്ല മാര്‍ത്തോമ കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന കേസില്‍ ഈ കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ തിരുവല്ല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പെരിങ്ങര സ്വദേശികളായ ഷിബിന്‍ എം. ജോണ്‍, സച്ചിന്‍, അക്ഷയ്, എന്നിവരെയാണ് പിടികൂടിയത്.

ഫോട്ടോ അടിക്കുറിപ്പ്- പോലീസ് അറസ്റ്റ്-
പോലീസ് അറസ്റ്റ് ചെയ്ത അരുണ്‍ ബിജു, അജു എം. രാജന്‍, വിശാഖ് എന്നിവര്‍.

error: Content is protected !!