
ആയിരങ്ങളുടെ ശരണംവിളികൾ അന്തരീക്ഷത്തിൽ ഉയരവേ, മകരസംക്രമ സന്ധ്യയിൽ ശബരീശനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി രാജപ്രതിനിധി മൂലംനാൾ ശങ്കർ വർമ്മ നയിക്കുന്ന തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണു പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടത്.
ഒരു മണിയോടെ വലിയകോയിക്കൽ ക്ഷേത്ര ശ്രീകോവിലിനു മുകളിൽ ആകാശത്തു കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ടു രാജപ്രതിനിധി പുറപ്പെട്ടു. പിന്നാലെ ഗുരുസ്വാമി കളത്തിനാലിൽ ഗംഗാധരൻ പിള്ള തിരുമുഖമടങ്ങുന്ന പ്രധാന പേടകം ശ്രീകോവിലിനു പുറത്തെത്തിച്ചു. തുടർന്നു പേടകമേന്തി ഗുരുസ്വാമിയും, വെള്ളിയാഭരണങ്ങളടങ്ങുന്ന കലശപ്പെട്ടിയുമായി മരുതവന ശിവൻ പിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ ബി. പ്രതാപചന്ദ്രൻ നായരും അനുഗമിച്ചു.
രാജപ്രതിനിധി കൈപ്പുഴ കൊട്ടാരത്തിലെത്തി അവിടെ നിന്നു ഭക്ഷണം കഴിച്ചു വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടിയുടെ അനുഗ്രഹവും വാങ്ങി. തുടർന്നു പരദേവതയായ മധുരമീനാക്ഷി സങ്കല്പത്തിലുള്ള മണ്ണടി ഭഗവതിയെ വണങ്ങി യാത്ര തുടർന്നു.ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരും ശരണം വിളികളുമായി ഘോഷയാത്രയെ അനുഗമിച്ചു. പത്തനംതിട്ട എ.ആർ. ക്യാമ്പിലെ അസി. കമാൻഡന്റ് പി.പി. സന്തോഷ് കുമാർ, ദേവസ്വം കമ്മീഷണർ എസ്. അജിത്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം.കെ.അജിത്കുമാർ, 30 അംഗ സായുധ പോലീസ് സേനയും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു.
ഇന്നു രാത്രി ഘോഷയാത്രാ സംഘം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലും നാളെ ളാഹയിൽ വനംവകുപ്പിന്റെ സത്രത്തിലും വിശ്രമിക്കും. മൂന്നാം ദിവസം നീലിമലയിലെത്തും. അവിടെ വച്ചു രാജപ്രതിനിധിയുടെ അനുഗ്രഹം വാങ്ങിയതിനു ശേഷം മല കയറും. ഘോഷയാത്ര അപ്പാച്ചിമേടും കടന്നു ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സന്നിധിയിലെത്തുന്ന ഗുരുസ്വാമിയിൽ നിന്നും മേൽശാന്തിയും തന്ത്രിയും ചേർന്നു തിരുവാഭരണങ്ങൾ ഏറ്റുവാങ്ങും. ശ്രീകോവിലിലേക്കു കൊണ്ടുപോയി വിഗ്രഹത്തിൽ ചാർത്തിയതിനു ശേഷം ദീപാരാധന നടക്കും.