
കോന്നി മെഡിക്കല്‍ കോളജില്‍ എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും
KONNIVARTHA.COM : കോന്നി മെഡിക്കല്‍ കോളജില്‍ ഇനി എല്ലാ ഒ.പി വിഭാഗവും എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഒപികള്‍ ഉള്‍പ്പടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
അറുനൂറോളം രോഗികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതോടെ ചികിത്സ തേടി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും.
രോഗികള്‍ കൂടുന്നത് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുകയും, പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. കോവിഡ് മൂന്നാംതരംഗ സാധ്യത കൂടി മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.
പഠനം ആരംഭിക്കുന്നതിന് സഹായകരമായ നിലയില്‍ ഏറ്റവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജിന് വേണ്ടി ആശുപത്രി വികസന സൊസൈറ്റി നടത്തേണ്ടതെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ്
* ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു
KONNIVARTHA.COM : അടുത്ത അക്കാഡമിക്ക് വര്‍ഷത്തില്‍ പഠനം ആരംഭിക്കുന്നതിന് സഹായകരമായ നിലയില്‍ ഏറ്റവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജിന് വേണ്ടി നടത്തേണ്ടതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സര്‍ക്കാര്‍ പഠനം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കി മുന്നോട്ടു പോകുകയാണ്. കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പടെ നിയമിച്ച് ഒപി, ഐപി പ്രവര്‍ത്തനം കാര്യക്ഷമമാക്കി മുന്നോട്ടു പോകുകയാണ്. ഇടക്കാലത്ത് കോവിഡ് സെന്ററാക്കി മാറ്റിയിരുന്നു എങ്കിലും പിന്നീട് ഐപി പുനരാരംഭിക്കാന്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കോന്നി എംഎല്‍എ ജനീഷ് കുമാറിന്റേയും, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടേയും ടീം വര്‍ക്കിന്റെ ഫലമായാണ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഇത്രയും കൃത്യമായും സമയബന്ധിതമായും നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് കിഫ്ബി വഴി 19.64 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് എത്രയും വേഗത്തില്‍ ലഭിക്കും. കൂടാതെ ആശുപത്രിയുടെ പരിസരത്തുള്ള പാറ പൊട്ടിക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നതെന്നും ആശുപത്രിയിലേക്കുള്ള തസ്തികകളില്‍ സീനിയര്‍ ആളുകളുടെ നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ സ്വന്തം ആരോഗ്യമന്ത്രിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തന കാര്യങ്ങള്‍ ശരവേഗത്തില്‍ മുന്നോട്ട് പോകുന്നതെന്നും നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഇടപെട്ട് ധാരാളം കടമ്പകള്‍ കടന്നാണ് ആശുപത്രിക്കായി മന്ത്രി മുന്നോട്ട് പോയതെന്നും ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
അറുനൂറോളം രോഗികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. രോഗികള്‍ കൂടുന്നത് അനുസരിച്ച് ഇനിയും കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും പുതിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. മാത്രമല്ല, കോവിഡ് മൂന്നാം തരംഗ സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടത്. നമ്മുടെ നാടിന്റെ വികസനത്തിന് സഹായകമാകുന്ന രീതിയില്‍ സമയബന്ധിതമായി കാര്യങ്ങള്‍ നടത്തണമെന്നും എംഎല്‍എ പറഞ്ഞു.
മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സേവനങ്ങളുടെ തുകകള്‍ താരതമ്യം ചെയ്ത് എപിഎല്‍, ബിപിഎല്‍ ആളുകള്‍ക്കുള്ള കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സേവനങ്ങളുടെ തുക നിശ്ചയിക്കാന്‍ ആശുപത്രി വികസന സൊസൈറ്റി ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. മഞ്ഞ കാര്‍ഡ് ഉള്ളവര്‍ക്ക് ആശുപത്രിയിലെ എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും. കൂടാതെ ആശുപത്രിക്കുള്ളിലെ കാന്റീന്‍ നടത്തിപ്പ് കുടുംബശ്രീയുടെ ജില്ലാ മിഷനെ ഏല്‍പിക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം പിയുടെ പ്രതിനിധി അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ട, കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്രന്‍, മറ്റ് എച്ച്.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.