
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത്
konnivartha.com : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് ( Alleppy Ranganath ) അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കൊവിഡ് ബാധിച്ച അദ്ദേഹം ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. നാൽപത് വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .
1973ൽ പി എ തോമസ് സംവിധാനം ചെയ്‌ത ജീസസ് എന്ന സിനിമയിലെ ‘ഓശാന’ എന്ന ഗാനത്തോടെയാണ് മലയാള ചലച്ചിത്ര സംഗീതരംഗത്തെത്തിയത്. ആരാന്റെ മുല്ല, കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങി ആറ് സിനിമകൾക്ക് സംഗീതം നൽകി. അമ്പാടി തന്നിലൊരുണ്ണി എന്ന ചിത്രം സംവിധാനം ചെയ്‌തു. 42 നാടകങ്ങൾ എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്. നീണ്ടൂർ കൈപ്പുഴയിലാണ് താമസം. സംഗീതകുടുംബത്തിൽ ജനിച്ച അദ്ദേഹം ബാല്യം മുതൽ സംഗീതം, നൃത്തം മൃദംഗം എന്നിവയിൽ പ്രാഗത്ഭ്യം നേടി.
രംഗനാഥിന്റെ മൂന്നൂറിൽപ്പരം പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ട്. സിനിമ, നാടകം, ലളിതഗാന ശാഖയിലുമായി രണ്ടായിരത്തിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തി. നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളും രചിച്ചു. ഈണമിട്ട പാട്ടുകളിലേറെയും രചിച്ചതും ഇദ്ദേഹമാണ്. മൃതദേഹം നീണ്ടൂർ കൈപ്പുഴയിലെ വസതിയിൽ. സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഏതാനും ദിവസം മുമ്പാണ് ലഭിച്ചത്. സിപിഐ എം സഹയാത്രികനായ അദ്ദേഹം പാർടി വേദികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു.
അഞ്ചു ദശകങ്ങളായി സംഗീതോപാസനയിൽ വ്യാപൃതനായ ഗാനരചയിതാവും സംഗീത സംവിധായകനുമായാരുന്നു ശ്രീ ആലപ്പി .ശാസ്‌ത്രീയ സംഗീതത്തിൻ്റെ വിശുദ്ധി നിലനിർത്തിക്കൊണ്ട് സുഗമ സംഗീതത്തിൻ്റെ മധുരവസന്തങ്ങൾ സൃഷ്ടിക്കാനുള്ള അനുപമ സിദ്ധിയാൽ അനുഗ്രഹീതനായിരുന്നു.
1500 ലേറെ ചലച്ചിത്രഗാനങ്ങളിലൂടെയും പ്രസിദ്ധമായ നിരവധി ആൽബം ഗാനങ്ങളിലൂടെ തലമുറകളുടെ സംഗീത ഭാവു കത്വത്തെ നവീകരിക്കാൻ സാധിച്ച ഇദ്ദേഹത്തിൻ്റെ പ്രതിഭാ വിലാസം ഒളിമിന്നുന്നത് അയ്യപ്പഭകതി ഗാനങ്ങളിലാണ്. ഭക്തരുടെ മനസ്സുകളിൽ സമർപ്പണ ഗാനത്തിൻ്റെയും ദർശനപുണ്യത്തിൻ്റെയും ‘സ്വാമി സംഗീത ആലപിക്കും, എൻ മനം പൊന്നമ്പലം, എല്ലാ ദുഖവും തീർത്തു തരൂ മകര സംക്രമ ദീപം കാണാൻ വൃശ്ചിക പൊൻപുലരി, എന്നിങ്ങനെ പ്രചുരപ്രാചാരം നേടിയ അനേകം അയ്യപ്പഭക്തിഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമാണ്.