
KONNIVARTHA.COM : കോന്നി – ചന്ദനപ്പള്ളി റോഡ് നിർമ്മാണത്തിലെ പരാതികൾ പരിഹരിച്ച് ഉടൻ ടാറിംഗ് നടത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും, കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.പറഞ്ഞു.
ജോലി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങൾ നല്കി എങ്കിലും ബന്ധപ്പെട്ടവർ മെല്ലെപ്പോക്കുസമീപനമാണ് സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരെയും, കരാറുകാരെയും വിളിച്ചു വരുത്തി റോഡ് നിർമ്മാണം പരിശോധിച്ച ശേഷമാണ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്കിയത്.9.75 കോടി രൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
റോഡ് നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് പൊതുജനങ്ങളും, മാധ്യമങ്ങളും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റോഡ് സന്ദർശനത്തിനെത്തിയ എം.എൽ.എയോട് ജനങ്ങൾ നേരിട്ട് പറഞ്ഞ പരാതികളും അടിയന്തിരമായി പരിഹരിക്കാൻ എം.എൽ.എ നിർദ്ദേശം നല്കി.
കോന്നി താലൂക്ക് ആശുപത്രി ഭാഗത്ത് നിന്നും റിപ്പബ്ലിക്കൻ സ്കൂൾ ഭാഗത്തേക്ക് പോകുന്ന ഉപറോഡ് ഭാഗം അപകടകരമായി നിർമ്മിച്ചിരിക്കുന്നു എന്ന പരാതി ഉടൻ പരിഹരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.ഈ ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്യണം. താലൂക്ക് ആശുപത്രി മുതൽ കോന്നി ജംഗ്ഷൻ വരെയുള്ള ഭാഗം പരമാവധി വീതിയിൽ ടാർ ചെയ്യണം.
വള്ളിക്കോട് പൂട്ടുകട്ട പാകിയ ഭാഗവും എം.എൽ.എ സന്ദർശിച്ചു. പുട്ടുകട്ടയുടെ ക്വാളിറ്റി പരിശോധിക്കാൻ ലാബിലേക്ക് അയയ്ക്കണമെന്നും എം.എൽ.എ നിർദ്ദേശം നല്കി. പൂട്ടുകട്ട പാകിയ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും സ്വീകരിക്കണം. ഈ ഭാഗത്തെ അപകട സാധ്യതയും ഒഴിവാക്കണം.
അഡ്വാൻസ് വർക്കുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാമെന്നും, ബുധനാഴ്ച മുതൽ ടാറിംഗ് ജോലികൾ ആരംഭിക്കാമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.എൽ.എയ്ക്ക് ഉറപ്പു നല്കി.
ഉദ്യോഗസ്ഥരുടെയും, കരാറുകാരുടെയും ഭാഗത്തുനിന്നുള്ള അലംഭാവം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എം.എൽ.എ പറഞ്ഞു. ടാറിംഗ് ജോലികൾക്ക് കാലതാമസമുണ്ടാകുന്നതിനാൽ ജനങ്ങൾ പൊടിശല്യം കാരണം വലിയ ദുരിതമാണ് അനുഭവിക്കുന്നത്.റോഡിൽ ധാരാളം അപകടങ്ങളും സംഭവിക്കുന്നു. ഈ സാഹചര്യങ്ങൾക്കെല്ലാം അടിയന്തിര പരിഹാരമായി റോഡുനിർമ്മാണം പൂർത്തിയാക്കണമെന്നും എം.എൽ.എ ഉദ്യോഗസ്ഥരോട് പറഞ്ഞു.
എം.എൽ.എയോടൊപ്പം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി.എഞ്ചിനീയർ ബി.വിനു, അസി.എക്സി.എഞ്ചിനീയർ എസ്.റസീന, അസി.എഞ്ചിനീയർ എസ്.അഞ്ജു, കരാർ കമ്പനി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
ആരുണ്ടിവിടെ ചോദിക്കാൻ ? കോന്നി – ചന്ദനപ്പള്ളി റോഡിലെ നിർമ്മാണം എങ്ങുമെത്തിയില്ല