
കാലത്തിനൊത്ത വികസന പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടിൽ ഭൂരിഭാഗമെന്നും പദ്ധതികളെ എതിർക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനായി ആഗ്രഹിക്കുന്നവർ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാൽ, നാടിന്റെ ഭാവിക്കായി വികസന പദ്ധതികൾ യാഥാർഥ്യമാകണമെന്നാണ് അവരുടെ ആഗ്രഹം. ഈ നിലപാടുതന്നെയാണു സർക്കാരിന്റേതും – മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച 51 റോഡുകൾ നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
പശ്ചാത്തല വികസനത്തിൽ കാലത്തിനൊത്ത മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യണം. റോഡ്, ജലഗതാഗത, വ്യോമയാന, റെയിൽ സംവിധാനങ്ങൾ കാലാനുസൃതമായി നവീകരിക്കപ്പെടണം. സംസ്ഥാനത്ത് ട്രെയിൻ യാത്രയ്ക്കു മുൻപുണ്ടായിരുന്നതിൽനിന്ന് ഇപ്പോൾ ഒട്ടും വേഗത കൂടിയിട്ടില്ല. കാസർകോഡുനിന്നു തിരുവനന്തപുരത്തെത്താൻ 12 – 13 മണിക്കൂർ ഇന്നും വേണം.
വിലയേറിയ സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. അതിവേഗത്തിലോടുന്ന രാജധാനി എക്സ്പ്രസിനു പോലും കേരളത്തിൽ സാധാരണ ട്രെയിനിന്റെ വേഗം മാത്രമേയുള്ളൂ. നിലവിൽ ഇവിടെയുള്ള റെയിൽവേ ലൈൻ വച്ചു വേഗത കൂട്ടാനാകില്ല. അടുത്തൊന്നും നടക്കുന്ന കാര്യവുമല്ല അത്. അതുകൊണ്ടാണു പുതിയ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത്. കെ-റെയിൽ കാര്യത്തിൽ അനുമതി നൽകേണ്ടതു കേന്ദ്രമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടു. അനുകൂല പ്രതികരണമാണു പ്രധാനമന്ത്രിയിൽനിന്നുണ്ടായത്. നാടിന് ഇത്തരം പദ്ധതികൾ ആവശ്യമാണെന്നതിനാൽ എല്ലാ രീതിയിലും അനുകൂലമായ പ്രതികരണമാണ് അദ്ദേഹത്തിൽനിന്നുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും ചിലരുടെ എതിർപ്പുകൾകണ്ട്, തൊട്ടാൽ ആപത്താകും എന്നുപറഞ്ഞു, വികസന പദ്ധതികളിൽനിന്നു സർക്കാർ മാറിനിൽക്കില്ല. നാടിന്റെ ഭാവിക്ക് ആവശ്യമായവ നടപ്പാക്കുകയെന്നതു സർക്കാരിന്റെ ധർമമാണ്. അതിൽനിന്ന് ഒളിച്ചോടില്ല. ദേശീയപാത വികസനത്തിലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിലും കൂടംകുളം വൈദ്യുതി ലൈനിന്റെ കാര്യത്തിലും സർക്കാർ ഈ നിലപാടാണു സ്വീകരിച്ചിരുന്നത്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ദേശീയപാതകൾ അതിവിപുലമായി വികസിച്ചപ്പോൾ നമ്മുടെ നാട്ടിൽ പലേടങ്ങളിലും അതിനു ഗ്രാമീണ റോഡുകളുടെ നിലവാരം മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഒരു മണിക്കൂർകൊണ്ട് എത്താവുന്ന സ്ഥലത്തേക്ക് മൂന്നും നാലും മണിക്കൂർ വേണ്ടിവരുമായിരുന്നു. കാലാനുസൃതമായി റോഡ് വികസനം പൂർത്തിയാക്കുന്നതിനു നടപടിയുണ്ടായില്ല. ചെയ്യേണ്ട സമയത്തു കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അതിനു പിന്നീടു കൊടുക്കേണ്ടിവരുന്ന വില വലുതാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നല്ല രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. വലിയ തോതിലുള്ള എതിർപ്പുകൾ ആദ്യമുണ്ടായിരുന്നു. എന്നാൽ സർക്കാർ ജനോപകാരപ്രദമായി മുന്നോട്ടുപോയപ്പോൾ എല്ലാവരും അതുമായി സഹകരിക്കാൻ തയാറായി. പ്രതീക്ഷിക്കാത്ത തുകയാണു കിട്ടിയത്. ഒരു അതൃപ്തിയും അത്തരം ആളുകളിലില്ല. പലരും ദൃശ്യ മാധ്യമങ്ങളിലൂടെ അവരുടെ അനുഭവം നാടിനോടു പങ്കുവച്ചു. ഈ ആളുകളുടെ പേരിൽ ഈ പദ്ധതിയെ എതിർത്തവരും തടസപ്പെടുത്താൻ ശ്രമിച്ചവരുമുണ്ട്. അതിനു നേതൃത്വം കൊടുത്തവർ ഏതെങ്കിലും ഒരു ഘട്ടത്തിൽ പശ്ചാത്താപത്തിന്റെ കണികയെങ്കിലും പുറപ്പെടുവിച്ചോ? അബദ്ധമായെന്നു പറയാൻ തയാറായോ? അന്നു കാണിച്ചത് അബദ്ധമായിപ്പോയെന്നു നാടിനു മുന്നിൽ തുറന്നു പറയേണ്ടതല്ലേ? ഇന്നു തലപ്പാടി മുതൽ ഹൈവേ വികസിക്കുകയാണ്. അതിലൂടെ സഞ്ചരിക്കുന്നവരുടെ മനസിനു കുളിർമ പകരുന്ന കാഴ്ചയാണ് റോഡ് വികസനത്തിലുണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ പേരിലും വലിയ എതിർപ്പുണ്ടായിരുന്നു. അതും നടപ്പാക്കാൻ കഴിഞ്ഞു. സിറ്റി ഗ്യാസ് പദ്ധതി വഴി വീടുകളിൽ ഗ്യാസ് എത്തേണ്ട നടപടി ഇനിയും പൂർത്തിയാകേണ്ടതുണ്ട്. ഇന്നത്തെ വിലക്കയറ്റത്തിൽ വലിയ ആശ്വാസമാകുന്ന പദ്ധതിയാകും ഇത്. ഇടമൺ – കൊച്ചി പവർ ഹൈവേയുടെ കാര്യത്തിലും തുടക്കത്തിൽ ഇതായിരുന്നു സ്ഥിതി. ഒരു ഘട്ടത്തിൽ നാഷണൽ പവർ ഗ്രിഡ് കോർപ്പറേഷൻ പദ്ധതി ഉപേക്ഷിച്ചു പോയതാണ്. എന്നാൽ സർക്കാരിന്റെ ഇടപെടലിലൂടെ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞു. ഇന്ന് ആ ലൈനിലൂടെ വൈദ്യുതി ഒഴുകുകയാണ്.
തീരദേശ, മലയോര ഹൈവേകളുടെ നിർമാണം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. പശ്ചാത്തല സൗകര്യ വികസനം കേവലം റോഡ് നിർമാണം മാത്രമല്ല. കോവളം മുതൽ കാസർകോട് ബേക്കൽ വരെയുള്ള 600 കിലോമീറ്റൽ ജലപാതയുടെ നിർമാണം അതിവേഗത്തിൽ നടക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ കൺകുളിർക്കുന്ന കാഴ്ചയാകും ഈ പദ്ധതി. സംസ്ഥാനത്ത് ഇപ്പോഴുള്ള നാലു വിമാനത്താവളങ്ങളിലും ധാരാളം യാത്രക്കാർ ഇപ്പോഴുണ്ട്.
ചില വിമാനത്താവളങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടുതൽ അനുമതി ആവശ്യമായതിനാൽ വികസനത്തിനു തടസം നേരിടുന്നുണ്ട്. എന്നാൽ നാലു വിമാനത്താവളങ്ങൾ ഒരു ചെറിയ സംസ്ഥാനത്ത് അധിമാണെന്നു പറയാൻ പറ്റുമോ. അഞ്ചാമത്തേതു ശബരിമലയിൽ നിർമിക്കാനുള്ള നടപടികൾ നല്ല രീതിയിൽ മുന്നേറുന്നു. ടൂറിസ്റ്റുകൾക്കായി എയർ സ്ട്രിപ്പുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റാനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. ഇതു വെറുതേയുള്ള പ്രഖ്യാപനമല്ല. ഇതിനായി ഒരു വർഷം എന്തു ചെയ്യുമെന്ന കാര്യം ഇത്തവണത്തെ ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങളുടെ പൂർണ പിന്തുണയോടെ ഇവ കൃത്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 745 പദ്ധതികളിലായി 2400 കോടിയുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ ദീർഘകാലം നിലനിൽക്കത്തക്ക രീതിയിലുള്ള നിർമാണ പ്രക്രിയയാണു പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.
ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള റോഡ് പദ്ധതികളിൽ സ്ഥലമേറ്റെടുപ്പ് ആവശ്യമില്ലാത്തവ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതം ആശംസിച്ചു.
കാഞ്ഞിരപ്പാറ കിഴക്കുപുറം വടക്കു പുറം വെട്ടൂർ റോഡ്
konnivartha.com :കേരളത്തിന്റെ വികസനത്തിന് പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രെദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.6 കോടി രൂപ ചിലവഴിച്ചു ആധുനിക നിലവാരത്തിൽ നിർമിച്ച കാഞ്ഞിരപ്പാറ കിഴക്കുപുറം വടക്കു പുറം വെട്ടൂർ റോഡ് ഓൺ ലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ പുതിയതായി പൂർത്തികരിച്ച 51 പൊതു മരാമത്ത് റോഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 4.30 കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി ആഞ്ഞിലി കുന്നു ജംഗ്ഷൻ മുതൽ കോട്ടമുക്ക് ജംഗ്ഷൻ വരെ 6 കോടി രൂപ ചിലവിലാണ് 5.5 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ നിർമ്മിച്ചത്.റോഡിന്റെ വീതി കൂട്ടിയും ഓട നിർമിച്ചും Bm&bc, സാങ്കേതിക വിദ്യയിലും ആണ് റോഡ് പൂർത്തിയാക്കിയത് റാന്നി കേന്ദ്രമാക്കിയുള്ള കാവുങ്കൽ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരുന്നത് .
അഡ്വക്കേറ്റ് ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം നിരന്തരമായ ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ് നിർമാണ പദ്ധതി യഥാർഥ്യമായത് .ഇതോടെ, മലയാലപ്പുഴ മേഖലയിലുള്ളവർക്ക് കോന്നി ടൗണിലും കോന്നി മെഡിക്കൽ കോളേജിലും എത്തിച്ചേരുവാനുള്ള എളുപ്പ മാർഗ്ഗമായി ഈറോഡ് മാറി .ഒപ്പം മലയാലപ്പുഴ ക്ഷേത്രത്തിലെക്കുള്ള എളുപ്പമാർഗമായും റോഡ് മാറി.
കോട്ടമുക്ക് ജംഗ്ഷനിൽ നടന്ന പരിപാടി മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പൊതു മരമത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫലകം അനാചാദാനം ചെയ്തു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി,ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി,മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, സുജാത അനിൽ,പഞ്ചായത്ത് അംഗങ്ങളായ തോമസ് കാലായിൽ, പ്രീജ, എലിസബത്ത് രാജു, രഞ്ജിത്,മലയാലപ്പുഴ മോഹൻ, എം ജി സുരേഷ്,തുടങ്ങിയവർ സംസാരിച്ചു. പൊതു മരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതി ലാൽ സ്വാഗതം പറഞ്ഞു ചടങ്ങിൽ പൊതുമരാമത്ത് നിരത്തു വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ എസ് റസീന റിപ്പോർട്ട് അവതരിപ്പിക്കുകയും അസി. എൻജിനീയർ എസ്. അഞ്ജു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
നിരവധി റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നു: ഡെപ്യൂട്ടി സ്പീക്കര്‍
നിരവധി റോഡുകളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ നവീകരിച്ച അടൂര്‍ -മണ്ണടി റോഡിന്റെ ഫലകം ആനച്ഛാദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. അടൂര്‍ -മണ്ണടി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമാരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
സാമൂഹികക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അടൂരില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ റോഡ് വികസനം കിഫ്ബി വഴി നടത്തുന്നുണ്ട്. ആര്‍ദ്രംപദ്ധതിയില്‍ മികച്ച വികസന മുന്നേറ്റമാണ് അടൂരില്‍ നടക്കുന്നത്. ഏഴംകുളം, കൊടുമണ്‍ എന്നീ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് ജില്ലയിലെ മികച്ച ആരോഗ്യകേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നത്. ഇത് അടൂരിന് അഭിമാനിക്കാവുന്നതാണ്. നിരവധി വിദ്യാലയ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെടുന്നു. ശ്രീമൂലം മാര്‍ക്കറ്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പറക്കോട് മാര്‍ക്കറ്റിന്റെ നിര്‍മാണത്തിന് ഡിപിആര്‍ ആയി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കും.
വേലുത്തമ്പി ദളവ സ്മാരക ഗവേഷണ മ്യുസിയത്തിന് മൂന്ന് കോടി രൂപ അനുവദിച്ചു. ഇതോടെ ലോകനിലവാരമുള്ള മ്യുസിയമായി വേലുത്തമ്പി ദളവ മ്യുസിയം മാറും. പിഡബ്ല്യുഡി കോംപ്ലക്്‌സിനായി മൂന്നു കോടി രൂപയും അനുവദിച്ചു. അടൂര്‍ ജംഗ്ഷനില്‍ ഇരട്ടപ്പാലം 15 കോടി രൂപ മുതല്‍ മുടക്കി പൂര്‍ത്തിയാക്കി. ആപ്രോച്ച് റോഡ്, സൗന്ദര്യവത്ക്കരണം, കാത്തിരിപ്പ് കേന്ദ്രം എന്നിവയും പൂര്‍ത്തിയാക്കി. കടമ്പനാട് പഞ്ചായത്തില്‍ എട്ടു മിനി മാസ്‌ക്ക് ലൈറ്റ്, കൊടുമണ്‍, പന്തളം തെക്കേക്കര എന്നിവിടങ്ങളില്‍ 16 ലൈറ്റ് എന്നിവയും നല്‍കിയെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കടമ്പനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ് ഷിബു, കടമ്പനാട് പഞ്ചായത്ത് മെമ്പര്‍മാരായ പ്രസന്നകുമാരി, ലിന്റോ യോഹന്നാന്‍, സിപിഐഎം അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, അരുണ്‍ കെ എസ് മണ്ണടി, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ. സാജന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി ജി. മോഹനേന്ദ്രകുറുപ്പ്, പത്തനംതിട്ട പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എഞ്ചിനീയര്‍ മനു തുടങ്ങിയവര്‍ സംസാരിച്ചു. അജിത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിരുമൂലപുരം കറ്റോട് റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുമൂലപുരം- കറ്റോട് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ശില അനാച്ഛാദനം തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മോളമ്മ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംസി റോഡില്‍ തിരുമൂലപുരത്തേയും ടികെ റോഡില്‍ കറ്റോട് ജംഗ്ഷനേയും ബന്ധിപ്പിക്കുന്ന റോഡിന് 3.06 കി.മീ. ദൈര്‍ഘ്യമുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 310 മീറ്റര്‍ നീളത്തില്‍ ഓടയും അത്യാവശ്യ സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിക്കുകയും ചെയ്തിട്ടുണ്ട്.
ഓട്ടോകാസ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അലക്‌സ് കണ്ണമല, കെഎസ്‌സിഇഡബ്ലുബി വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, ഫ്രാന്‍സിസ് വി. ആന്റണി, ശശി പി നായര്‍, പ്രൊഫ. അലക്‌സാണ്ടര്‍ കെ. ശാമുവേല്‍, എം.ബി. നൈനാന്‍, ജേക്കബ് മദനഞ്ചേരില്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ്സ് വി.എ. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എഴുമറ്റൂര്‍ – വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
റാന്നി നിയോജക മണ്ഡലത്തില്‍ 6.5 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ എഴുമറ്റൂര്‍ – വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
എഴുമറ്റൂര്‍ എസ്എന്‍ഡിപി ഹാളില്‍ ചേര്‍ന്ന പൊതുയോഗം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ശോശാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യു കോട്ടാങ്ങല്‍, ബിനു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വത്സല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജെ. രതീഷ് കുമാര്‍, സാജന്‍ മാത്യു, അമ്മിണി രാജപ്പന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സതീഷ് കുമാര്‍, കൃഷ്ണകുമാര്‍ തോമസ് മത്തായി, സുരേഷ് കുമാര്‍, വിക്ടര്‍ ടി തോമസ്, ജിജി വട്ടശേരില്‍, ബിജു കരോട്ട്, വര്‍ഗീസ് ഉമ്മന്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുമോള്‍ അഗസ്റ്റിന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രമോദ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.