Trending Now

ലോക ഹീമോഫീലിയ ദിനാചരണം സംഘടിപ്പിച്ചു

Spread the love

konnivartha.com : ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി നിര്‍വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു.

 

ഹീമോഫീലിയ രോഗികള്‍ക്കുള്ള ആശാധാര പദ്ധതി പ്രകാരം വികേന്ദ്രീകൃത ചികിത്സാ മാര്‍ഗരേഖ തയാറാക്കി ജനിതക രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ, തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നിവയുടെ ജില്ലാ നോഡല്‍ സെന്റര്‍ ആയി പത്തനംതിട്ട ജനറല്‍ ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നു.

 

രോഗികള്‍ക്ക് ഏറ്റവും അടുത്തുള്ള താലൂക്ക് ആശുപത്രി മുഖേനയും ഫാക്ടറുകള്‍ ലഭ്യമാക്കുക എന്നുള്ളതും ആശാധാര പദ്ധതിയുടെ നൂതന ആശയം ആണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി കൂടാതെ അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഫാക്ടറുകള്‍ കാഷ്വാലിറ്റിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

യോഗത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആശാധാര ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പ്രെറ്റി സഖറിയാ ജോര്‍ജ് വിഷയാവതരണം നടത്തി. തുടര്‍ന്ന് രോഗികള്‍ക്കുള്ള ലോഗ് ബുക്ക് വിതരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു.

 

പരിപാടിയുടെ ഭാഗമായി ഹീമോഫീലിയ രോഗത്തെയും അതിന്റെ ചികിത്സാ – പരിചരണത്തെയും കുറിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. ഡി. ബാലചന്ദര്‍  ബോധവത്കരണ ക്ലാസ് നടത്തി. പരിപാടിയില്‍ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍വി.ആര്‍. ഷൈലാഭായി, പത്തനംതിട്ട ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. നസ്ലിന്‍ സലാം, പത്തനംതിട്ട ജനറല്‍ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് കെ. മിനിമോള്‍, പത്തനംതിട്ട ജനറല്‍ ആശുപത്രി പിആര്‍ഒ. സുധീഷ് ജി പിള്ള, ഡിസ്ട്രിക്ട് ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ജിഷാ സാരു തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പത്തനംതിട്ട ഐഎന്‍ഇഎസ്എംഇ നഴ്‌സിംഗ് കോളജിലെ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍സ്‌കിറ്റും അവബോധ ക്ലാസും നടത്തി.

error: Content is protected !!