മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധി ശാസ്ത്രജ്ഞ സംഗമവും ഏകദിന ശില്പശാലയും നടത്തി

Spread the love

കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്ര സംഗമം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ നിര്‍വഹിച്ചു.

 

മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധികളും കെവികെ യിലെ ശാസ്ത്രജ്ഞരും പങ്കെടുത്തു. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കൃഷി അനുബന്ധ മേഖലകളിലെ വിവിധ പ്രശ്‌നങ്ങളും കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളും ജനപ്രതിനിധികള്‍ സമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ദര്‍ അവതരിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന മുന്‍ നിരപ്രദര്‍ശനങ്ങളും, പങ്കാളിത്ത പരീക്ഷണങ്ങളും, പരിശീലനങ്ങളും വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.

 

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് മുഖ്യ പ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബൂ കൂടത്തില്‍, സുധി കുമാര്‍, ഈപ്പന്‍ വര്‍ഗ്ഗീസ്, ആനി രാജു, സിന്ധു സുഭാഷ് കുമാര്‍, അമ്പിളി പ്രസാദ്, സി.എന്‍ മോഹനന്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് കുമാര്‍, കെവികെയിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.