വ്യാജ രേഖ ചമച്ച് നേടിയ പാരാമെഡിക്കൽ രജിസ്‌ട്രേഷൻ റദ്ദാക്കി

Spread the love

konnivartha.com : വ്യാജ വിദ്യാഭ്യാസ രേഖയുണ്ടാക്കി കേരളാ പാരാമെഡിക്കൽ കൗൺസിലിൽ നിയമവിരുദ്ധമായി രജിസ്‌ട്രേഷൻ നേടിയെടുത്ത വ്യക്തിയുടെ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ റദ്ദാക്കി.

 

കോഴിക്കോട് കല്ലായി പോസ്റ്റ് ഓഫീസ് പരിധിയിൽ മുഖദർ മരക്കൽ കടവ് പറമ്പിൽ എം.പി അബുവിന്റെ മകൾ എം.പി റഹിയാനത്ത്, കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി (ഡി.ആർ.റ്റി) വിദ്യാഭ്യാസയോഗ്യത കരസ്ഥമാക്കിയതായുള്ള സർട്ടിഫിക്കറ്റ് ആണ് രജിസ്‌ട്രേഷനു വേണ്ടി ഹാജരാക്കിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) നടത്തിയ അന്വേഷണത്തിൽ റഹിയാനത്ത് ഈ പരീക്ഷ എഴുതിയിട്ടില്ലെന്നും ഡി.എം.ഇ. യുടെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് നിർമ്മിച്ച് പാരാമെഡിക്കൽ കൗൺസിലിൽ ഹാജരാക്കി രജിസ്‌ട്രേഷൻ നേടിയാതാണെന്നും തെളിഞ്ഞു.

 

തുടർന്ന് വ്യാജയോഗ്യതാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകപ്പെട്ട രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടിയന്തിരമായി റദ്ദാക്കുവാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കേരളാ പാരാമെഡിക്കൽ കൗൺസലിനോട് ശുപാർശ ചെയ്യുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റഹിയാനത്തിന്റെ രജിസ്‌ട്രേഷൻ കേരളാ പാരാമെഡിക്കൽ കൗൺസിൽ റദ്ദാക്കിയത്.

വ്യാജരേഖ നിർമ്മിച്ച് കബളിപ്പിക്കൽ നടത്തിയ കുറ്റത്തിന് റഹിയാനത്ത് എം.പിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഇ യുടെ ഓഫീസ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

error: Content is protected !!