
വിജിലൻസ് മേധാവി എം.ആർ.അജിത് കുമാറിനെ മാറ്റാൻ തീരുമാനം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഐ.ജി. എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.
സ്വപ്‌നാ സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. രഹസ്യമൊഴി നൽകിയ സ്വപ്നയെ കൊണ്ട് മൊഴി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ വിജിലൻസ് ഡയറക്ടർ എംആർ അജിത് കുമാർ നടത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. തന്റെ മുന്നിൽ ഷാജ് കിരൺ ഇരിക്കുന്ന സമയത്ത് അജിത് കുമാർ ഷാജ് കിരണിന്റെ ഫോണിലേക്ക് വാട്ട്‌സ് ആപ്പ് കോൾ ചെയ്തുവെന്നും സ്വപ്‌ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്‌നയുടെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കോടിയേരി ബാലകൃഷ്ണനുമെതിരെയും ഗുരുതര ആരോപണങ്ങൾ സ്വപ്‌ന ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകൾ വിദേശത്ത് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് മുഖേനെയാണെന്ന് സ്വപ്‌നാ സുരേഷ് പറഞ്ഞു മാധ്യമങ്ങളോട് താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്.
ശബ്ദരേഖയിൽ പിണറായി വിജയന്റെ പാർട്ണർ താനാണെന്ന് ഷാജ് അവകാശപ്പെടുന്നത് കേൾക്കാം. ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാണെന്ന് ഷാജ് പറയുന്നതും കേൾക്കാം.