
എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മികച്ച ചികിത്സ ലഭ്യമാകുന്നതിനേക്കാളുപരി രോഗം വരാതിരിക്കാനാണ് നാം ലക്ഷ്യമിടേണ്ടത്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. ഈ ഒന്നാം സ്ഥാനം നമ്മുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. മാതൃമരണനിരക്ക്, ശിശു മരണനിരക്ക് എന്നിവ കേരളത്തില്‍ തീരെ കുറവാണ്. നാം ഇതില്‍ മത്സരിക്കുന്നത് ഇന്ത്യന്‍ സംസ്ഥാനങ്ങളോടല്ല മറിച്ച് വികസിത രാജ്യങ്ങളോടാണ്. മഴക്കാലത്ത് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് എലിപ്പനി. എലിപ്പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. പനി ഒരു രോഗമല്ല. രോഗലക്ഷണമാണ്. അതിനാല്‍ പനിക്ക് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഒരു വര്‍ഷം കൊണ്ട് എല്ലാ പഞ്ചായത്തുകളിലേയും മുപ്പതു വയസിനു മുകളില്‍ പ്രായമുള്ളവരുടെ ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള പരിശോധന നടത്തും. ഓരോ വ്യക്തിയിലും രോഗപ്രതിരോധശേഷി സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ ബ്ലോക്ക് ആരോഗ്യമേളസംഘടിപ്പിക്കുന്നത്. പൊതുജനാരോഗ്യ മേഖലയില്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തപ്പെടുന്ന പദ്ധതികള്‍ സംബന്ധിച്ച് അവബോധം നല്‍കുക, ആരോഗ്യസംരക്ഷണത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പകര്‍ച്ചവ്യാധി രോഗങ്ങള്‍ നേരത്തെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക, ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.
ആരോഗ്യ മേളയ്ക്ക് മുന്നോടിയായി കോഴഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച വിളംബരറാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഫ്ളാഗ്ഓഫ് ചെയ്തു. ആരോഗ്യമേളയുടെ ഭാഗമായി സെമിനാറുകളും അലോപ്പതി, ഡെന്റല്‍, ആയുര്‍വേദം, ഹോമിയോ, ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ്, ഇ- സഞ്ജീവനി ടെലിമെഡിസിന്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും അഡോളസെന്റ് കൗണ്‍സിലിംഗ്, ഹെല്‍ത്ത് എക്സിബിഷന്‍, ഫുഡ് എക്സിബിഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക്, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, സ്റ്റാളുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്,കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം ബിജിലി പി ഈശോ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.അന്നമ്മ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആതിര ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാം പി തോമസ്, കെ.ആര്‍ അനീഷ, വി.ജി. ശ്രീവിദ്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ഐഎസ്എം ഡിഎംഒ പി.എസ്. ശ്രീകുമാര്‍, ഹോമിയോ ഡി എം ഒ ഡോ. ഡി. ബിജുകുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഏകാരോഗ്യം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എം.ജെ. അജന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഇലന്തൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹിദായത്ത് അന്‍സാരി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ സി.പി. രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.