
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവച്ചു
konnivartha.com : ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവച്ചു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐ എം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു.
മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്.
എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഐഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയിൽ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഐഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവിൽ വാര്‍ത്തകൾ വന്നത്. എന്നാൽ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതൽ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.
താന്‍ ഭരണഘടനയെ വളരെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് സജി ചെറിയാന്‍. ഭരണഘടനയെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദമായതോടെ മന്ത്രിസ്ഥാന രാജിവച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളേയും മന്ത്രി വിമര്‍ശനവിധേയമാക്കി. മല്ലപ്പള്ളിയില്‍ താന്‍ നടത്തിയ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ അടര്‍ത്തിയെടുത്ത ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു. എഴുതി തയാറാക്കിയ പ്രസ്താവനയാണ് സജി ചെറിയാന്‍ മാധ്യമങ്ങള്‍ക്കുമുന്‍പില്‍ വായിച്ചത്.ധാര്‍മികതെ മുന്‍നിര്‍ത്തിയാണ് രാജി വച്ചതെന്നും സ്വമേധയായാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സജി ചെറിയാന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.