Trending Now

പത്തനംതിട്ട ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കും

Spread the love

 

 

konnivartha.com : ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കാന്‍സര്‍ സെന്റര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം കണ്ടെത്താനും തുടര്‍ നടപടികള്‍ക്കുമായാണ് രജിസ്റ്റര്‍ തയാറാക്കുക. എല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം.രജിസ്റ്റര്‍ തയാറാക്കുന്നതിനായി ജില്ലയിലെ എല്ലാ ആശുപത്രികളും സഹകരിക്കണം. അവബോധം സൃഷ്ടിക്കുവാനും, നേരത്തേ തന്നെ രോഗനിയന്ത്രണം നടത്തുവാനും, ആവശ്യമായ ചികിത്സ ഉറപ്പാക്കുവാനും ബ്രഹത്തായ പദ്ധതി തയ്യാറാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായും ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറും, റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ തലവന്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗം മേധാവി എന്നിവര്‍ കോ-കണ്‍വീനറുമാണ്.

എന്‍എച്ച്എം ഡി പി എം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ആശുപത്രി അധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി ഉള്ള സ്വകാര്യ ആശുപത്രികള്‍, പ്രൈവറ്റ് ഹോസ്പിറ്റല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി, പ്രൈവറ്റ് ലാബ് അസോസിയേഷന്‍ പ്രതിനിധി, കുടുംബശ്രീ മിഷന്‍ പ്രതിനിധി, വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് – ജില്ലാ തലവന്‍, ജില്ലയിലെ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, ജില്ലയിലെ പാലിയേറ്റീവ് കെയര്‍ ശൃംഖലയുടെ പ്രതിനിധി എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുത്തു.

error: Content is protected !!