ആറന്മുള വള്ളസദ്യ ഇന്നു (ഓഗസ്റ്റ് 4) മുതല്‍

Spread the love

 

ആറന്മുളയില്‍ പള്ളിയോടങ്ങള്‍ക്കുള്ള വഴിപാട് വള്ളസദ്യകളുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 4 ന്) രാവിലെ 11.30ന് എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ മുഖ്യ അതിഥിയായിരിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

സുരക്ഷാ സംവിധാനം
ആദ്യ ദിവസം ഏഴു പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ നടക്കുന്നത്. വെണ്‍പാല, ഇടനാട്, മല്ലപ്പുഴശേരി, തെക്കേമുറി, തെക്കേമുറികിഴക്ക്, പുന്നംതോട്ടം, മാരാമണ്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിനം വള്ളസദ്യ.
പമ്പയിലെ ജലനിരപ്പുയര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. റെഡ് അലര്‍ട്ട് ഒഴിവായെങ്കിലും ജലനിരപ്പ് ഉയര്‍ന്നു തന്നെ തുടരുന്ന സാഹചര്യം ജില്ലാ ദുരന്ത നിവാരണ വിഭാഗം നിരീക്ഷിച്ചു വരികയാണ്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഇന്നലെ സത്രക്കടവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് പള്ളിയോട സേവാസംഘം ഭാരവാഹികളും വിവിധ വകുപ്പ് തലവന്മാരെയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി അടിയന്തര യോഗം ചേര്‍ന്നു. സുരക്ഷയ്ക്കുള്ള ബോട്ടുകള്‍, യമഹ എന്‍ജിന്‍ ഘടിപ്പിച്ച വള്ളം എന്നിവ പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. പള്ളിയോടങ്ങളില്‍ കൂടുതല്‍ സുരക്ഷയ്ക്കായി ലൈഫ് ബോയകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നദിക്ക് കുറുകെ തുഴയാന്‍ അനുവദിക്കില്ല
ജില്ലാ ഭരണ കൂടത്തിന്റെ സുരക്ഷാ നിര്‍ദേശം കണക്കിലെടുത്ത് പള്ളിയോടങ്ങള്‍ നദിക്ക് കുറുകെ തുഴയില്ല. ബോട്ടുകളുടെ സഹായത്തോടെ ക്ഷേത്രക്കടവിന് സമീപത്ത് എത്തിക്കുന്ന പള്ളിയോടത്തില്‍ 40 പേരില്‍ താഴെ മാത്രമേ പ്രവേശനം അനുവദിക്കൂ. നദീ തീരത്തുകൂടിത്തന്നെ ക്ഷേത്രക്കടവിലെത്തി ചടങ്ങ് പൂര്‍ത്തിയാക്കാനാണ് പള്ളിയോട സേവാസംഘം കരകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിചയ സമ്പന്നരായ 35 മുതല്‍ 40 പേരെ വരെ മാത്രമേ പള്ളിയോടത്തില്‍ അനുവദിക്കൂ.

ഇന്‍ഷ്വറന്‍സ് പരിരക്ഷ
പള്ളിയോടത്തിലെത്തുന്നവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ നിലവില്‍ വന്നു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. രണ്ടു കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒക്ടോബര്‍ 10 വരെ നിലവിലുണ്ടായിരിക്കും. ഉത്രട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ് തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്ന ദിവസങ്ങളും ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരും.

 

error: Content is protected !!