Trending Now

സാമൂഹിക വിരുദ്ധരെ അടിച്ചമർത്തി പത്തനംതിട്ട ജില്ലാ പോലീസ്

Spread the love

 

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമ നടപടി തുടർന്ന് ജില്ലാ പോലീസ്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം കാപ്പ പ്രകാരം ജില്ലയിൽ നടപടികൾ ശക്തമായി തുടർന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ്.

 

നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ച് ഈവഷം ഇതുവരെ 9 പേരെ ജയിലിൽ അടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവായി. ഇതിൽ 8 കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. കൂടാതെ വകുപ്പ് 15 പ്രകാരം മേഖലാ ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് 7 കുറ്റവാളികളെ നാടുകടത്തുകയും ചെയ്തു. ഇതിൽ രണ്ടുപേർ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ യുവാവിനെ ആറു മാസത്തേക്ക് നാടുകടത്തിയതും ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് പറക്കോട് സ്വദേശിയെ ജയിലിലാക്കിയതും ഏറ്റവും ഒടുവിലെ നടപടികളാണ്. ഈവർഷം മേയ് 18 ലെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്‌ അടിസ്ഥാനപ്പെടുത്തി പുറപ്പെടുവിപ്പിക്കപ്പെട്ട ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് വള്ളിക്കോട് മണിമല കിഴക്കേതിൽ ബിനുവിന്റെ മകൻ ആരോമൽ (21) ആണ് നാടുകടത്തപ്പെട്ടത്.

 

പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട മൂന്ന് കേസുകളിൽ ഇയാൾ പ്രതിയാണ്. കൂടാതെ, കോന്നിയിലെ ഒരു ക്രിമിനൽ കേസിലും
ഉൾപ്പെട്ടിട്ടുണ്ട്. കാപ്പ വകുപ്പ് 15(1) പ്രകാരമാണ് നാടുകടത്തൽ ഉത്തരവ്. വകുപ്പ് 2(p) പ്രകാരം അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ പെടുന്നയാളാണ് പ്രതി. 2020 മുതൽ അടിപിടി, വധശ്രമം, മാരകായുധങ്ങളുമായുള്ള ആക്രമണം, വീടുകയറി ആക്രമണം, വാഹനം നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന ഇയാൾ, സമൂഹത്തിന്റെ സമാധാനജീവിതത്തിന് ഭംഗം വരുത്തുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുന്നയാളാണെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. ബന്ധപ്പെട്ട എസ് എച്ച് ഒമാരുടെ റിപ്പോർട്ടുകൾ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ മുഖാന്തിരം ജില്ലാ പോലീസ് മേധാവിക്ക് ലഭ്യമാക്കുകയും, അത് പരിശോധിച്ച
ശേഷം ഡി ഐ ജിക്ക് നടപടിക്കായി ജില്ലാ പോലീസ് മേധാവി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലക്ക് പുറത്തേക്ക് നാടുകടത്തിയത്. കോടതി കാര്യങ്ങളിലും, അടുത്ത
ബന്ധുക്കളുടെ ഒഴിവാക്കാനാവാത്ത മരണം, വിവഹം തുടങ്ങിയ ചടങ്ങുകളിലും ജില്ലാ പോലീസ് മേധാവിയുടെ രേഖമൂലമുള്ള മുൻ‌കൂർ അനുമതി വാങ്ങി പങ്കെടുക്കാം.

നാടുകടത്തപ്പെട്ടകാലയളവിൽ താമസിക്കുന്ന പുതിയ മേൽവിലാസം ഡി ഐ ജി, ജില്ലാ പോലീസ് മേധാവി, താമസസ്ഥലത്തെ പോലീസ് സ്റ്റേഷൻ എന്നിങ്ങനെ അറിയിക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു. കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജയിലിലടച്ചു
നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അടൂർ പറക്കോട് കൊച്ചു കുറ്റിയിൽ തെക്കേതിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമൽ ജനാർദ്ദന (32) നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമപ്രകാരം അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെൻട്രൽ
ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

അടൂർ, പന്തളം, പത്തനംതിട്ട, തിരുവല്ല പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ
പതിനഞ്ചിലധികം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ വർഷം അടൂർ ജനറൽ ആശുപത്രിക്ക് സമീപം കാറിടിപ്പിച്ച് ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട
പ്രതി, ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഏപ്രിലിൽ പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും പ്രതിയായി. റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ
ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഗുണ്ടാ നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയനായത്. കലക്‌ടറുടെ ഉത്തരവുണ്ടായതിനെ തുടർന്ന് ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ പോലീസ് ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയും പിന്തുടർന്നുവരികയുമായിരുന്നു. ഇയാൾ രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചുകൊണ്ടുള്ള അന്വേഷണത്തെതുടർന്നാണ്
അറസ്റ്റ്. സമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്ടിച്ച് നിയമത്തെ വകവെയ്ക്കാതെ സ്വൈര്യവിഹാരം നടത്തിയ ഇയാളെ പിടികൂടുന്നതിനുള്ള ജില്ലാ പോലീസ് മേധാവിയുടെ കർശന നിർദേശം നടപ്പാക്കുന്നതിന് നിതാന്ത ജാഗ്രതയോടെയും വിവരങ്ങൾ ചോരാനുള്ള പഴുതുകൾ അടച്ചുമുള്ള പോലീസ് സംഘത്തിന്റെ നീക്കത്തിലാണ് കൊടും കുറ്റവാളിയായ നിർമൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം, വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പാ നിയമ പ്രകാരമുള്ള കരുതൽ തടങ്കലിൽ കഴിഞ്ഞുവരുന്ന നിരവധി ക്രിമിനൽ കേസുകളിൽ കൂട്ടുപ്രതിയായ അജ്മലിനെ കാണാൻ ഇയാൾ പോയിരുന്നു. തിരികെ വരുന്ന വഴി തിരുവല്ലയിലും, ചെങ്ങന്നൂരും വെച്ച് അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം ശ്രമിച്ചെങ്കിലും സാധിചില്ല. തുടർന്ന് പിന്നാലെ നീങ്ങിയ പോലീസ് പന്തളം മണികണ്ഠൻ ആൽത്തറക്ക് സമീപത്തുനിന്നും സാഹസികമായി
പിടികൂടുകയാണുണ്ടായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ
മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ
സൂരജ്.ആർ.കുറുപ്പ്, റോബി ഐസക്, പ്രവീൺ.റ്റി, അമൽ എന്നിവരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളായ ആളുകൾക്കെതിരെ
അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ അഞ്ച് പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

error: Content is protected !!