
konnivartha.com : കരടു വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിംഗ് എന്നിവ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
പോളിംഗ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം ഒക്ടോബര്‍ 24 വരെ ആയിരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ വോട്ടര്‍ പട്ടിക സംബന്ധിച്ചആക്ഷേപങ്ങളും പരാതികളും നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ എട്ടുവരെ അറിയിക്കാം. ആക്ഷേപങ്ങളും പരാതികളും തീര്‍പ്പാക്കല്‍ ഡിസംബര്‍ 26 ന് നടക്കും. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.
1500ന് മുകളില്‍ വോട്ടര്‍മാര്‍ ഉള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും പുന:ക്രമീകരിക്കും. പോളിംഗ് ബൂത്തുകളുടെ സ്ഥലമോ, കെട്ടിടമോ വളരെയകലെയാണെങ്കില്‍ ആ ബൂത്തുകള്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ ലഭ്യമാണെങ്കില്‍ മാറ്റി സ്ഥാപിക്കും. പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയിലാണെങ്കില്‍ പോളിംഗ് ബൂത്ത് മാറ്റി സ്ഥാപിക്കും. ഓരോ പോളിംഗ് സ്റ്റേഷനിലുമുള്ള വോട്ടര്‍മാര്‍ പല പോളിംഗ് സ്റ്റേഷനുകളിലായി ഉള്‍പ്പെട്ടു വരികയാണെങ്കില്‍ അവയും പുന:ക്രമീകരിക്കും.
പോളിംഗ് സ്റ്റേഷന്‍ പുന:ക്രമീകരിക്കുന്നതിന് അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ താലൂക്ക് തലത്തില്‍ രാഷ്ട്രീയപാര്‍ട്ടി മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളും നേരിട്ട് പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ട പോളിംഗ് സ്റ്റേഷനുകളുടെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 15ന് അകം കളക്ട്രേറ്റില്‍ ലഭ്യമാക്കണം.
2023 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ മാറ്റം വരുത്തുന്നതിനും പോളിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനും അവസരം ഉണ്ട്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരണത്തിന് ശേഷം 2023 ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഓക്ടോബര്‍ 1 എന്നീ യോഗ്യത തീയതികളില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. 2023 ഏപ്രില്‍ 1, ജൂലൈ 1, ഓക്ടോബര്‍ 1 എന്നീ യോഗ്യത തീയതികളില്‍ 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മുന്‍കൂര്‍ ലഭിച്ച അപേക്ഷകളില്‍ തീരുമാനം എടുക്കും.
സ്‌പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ഭിന്നശേഷിക്കാരായ ആള്‍ക്കാരുടെ വിവരം സാമൂഹികക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും അവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രത്യേകം ലിസ്റ്റ് തയാറാക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഓരോ പോളിംഗ് സ്റ്റേഷനിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിക്കണം. ലിസ്റ്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുകയും വേണം. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ചേര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യണം.
നിയോജക മണ്ഡല അടിസ്ഥാനത്തില്‍ സ്വീപ്പ് നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും വില്ലേജ് തലത്തില്‍ വില്ലേജ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലും വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച് വ്യാപകമായ പ്രചരണവും നടത്തണം.
വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കല്‍, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കല്‍ എന്നീ ലക്ഷ്യത്തോടുകൂടിയാണ് ഇലക്ഷന്‍ കമ്മീഷന്‍ ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നത്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളയാള്‍ക്ക് തന്റെ ആധാര്‍ നമ്പര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് മുഖേനയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് മുഖേനയോ, ഫോറം 6 ബി യിലോ അപേക്ഷ സമര്‍പ്പിക്കാം.
പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫോം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താം. മതിയായ കാരണങ്ങളാല്‍ ആധാര്‍ നമ്പര്‍ നല്‍കാന്‍ കഴിയാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതല്ലെന്നും കളക്ടര്‍ പറഞ്ഞു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, രാഷ് ട്രീയ പാര്‍ട്ടി പ്രതിനിധികളായ അനില്‍ തോമസ്, തോമസ് ജോസഫ്, ശ്യാം തട്ടയില്‍. വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.