Trending Now

കോമളം പാലം നിര്‍മാണത്തിനുള്ള ടെന്‍ഡറായി

Spread the love

കോമളം പാലത്തിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡറായതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ആലപ്പുഴ സൂപ്രണ്ടിംഗ് എന്‍ജിനീയറാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ മാസമുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന് പാലം ഗതാഗതയോഗ്യമല്ലാതായത്. എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയറും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും പുതിയ പാലം പണിയണമെന്നുള്ള വിദഗ്ധ ഉപദേശം ഉയര്‍ന്ന് വരുകയും ചെയ്തിരുന്നു. തൊട്ടടുത്ത ബജറ്റില്‍ പാലത്തിനുള്ള തുക ഉള്‍ക്കൊള്ളിക്കണമെന്ന എംഎല്‍എയുടെ നിര്‍ദേശത്തിന് അനുസരിച്ച് 20 ശതമാനം തുക ബജറ്റില്‍ വകയിരുത്തി.

 

നാലു മാസത്തിനകം തന്നെ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള സാങ്കേതിക പഠനങ്ങള്‍ക്ക് ശേഷം എസ്റ്റിമേറ്റും ഡിസൈനും തയാറാക്കുകയും ജൂലൈ മാസം ഭരണാനുമതി ലഭിക്കുകയും ചെയ്തു. ഭരണാനുമതി കിട്ടി ഒരു മാസത്തിനുള്ളില്‍ തന്നെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി നേടിയതിനു ശേഷമാണ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്.

 

143.1 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള ഹൈലെവല്‍ ബ്രിഡ്ജാണ് കോമളത്ത് പുതുതായി പണിയുന്നത്. ടെന്‍ഡറുകള്‍ സ്വീകരിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 13 ഉം തുറക്കുന്നത് സെപ്റ്റംബര്‍ 16നുമാണ്.

error: Content is protected !!