Trending Now

സഹകരണ ഓണം വിപണിക്ക് തുടക്കമായി; സമൃദ്ധി ഒരുക്കി 100 ഓണച്ചന്തകള്‍

Spread the love

സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലയിലെ 13 ത്രിവേണി ഔട്ട്ലറ്റുകള്‍ വഴിയും ജില്ലയിലെ 87 സഹകരണ സംഘങ്ങള്‍ വഴിയും 100  ഓണച്ചന്തകള്‍ ആരംഭിച്ചു. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ 50 ശതമാനം വിലക്കുറവിലും നോണ്‍ സബ്സിഡി സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ സഹകരണ ഓണച്ചന്ത വഴി ലഭ്യമാക്കും. സഹകരണ ഓണം വിപണി സെപ്റ്റംബര്‍ ഏഴിന് സമാപിക്കും. 10 ദിവസം തുടര്‍ച്ചയായി നീണ്ടുനില്ക്കുന്ന സഹകരണ ഓണം വിപണിയുടെ പ്രയോജനം സംസ്ഥാനതലത്തില്‍ 12 ലക്ഷം കുടുംബങ്ങള്‍ക്ക്  ലഭിക്കും. ഓണം ഉത്സവകാലത്ത് ആവശ്യ, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കണ്‍സ്യൂമര്‍ ഫെഡും മില്‍മയുമായി സഹകരിച്ച് ഓണ സദ്യയ്ക്ക് ആവശ്യമായ അഞ്ചിനം ഉത്പന്നങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റ് സഹകരണ ഓണം വിപണി വഴി വിതരണം ചെയ്യും.
സഹകരണ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് പി.ബി. മധു അധ്യക്ഷത വഹിച്ചു.

 

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം.പി. ഹിരണ്‍ ആദ്യ വില്‍പ്പനയും ഡെപ്യൂട്ടി രജിസ്ട്രാര്‍(ഭരണം) സി.റ്റി. സാബു മില്‍മ ഓണക്കിറ്റ് വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ജി. അജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

 

കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഡി ശ്യാം കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് പത്തനംതിട്ട റീജിയണല്‍ മാനേജര്‍ ബിന്ദു പി നായര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍(പ്ലാനിംഗ്) എസ്. നസീര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍(എസ്.സി/എസ്.റ്റി) പി.കെ. അജിതകുമാരി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!