
വയലിലെ ചെളിയിൽ പുതഞ്ഞുകിടന്ന യുവാവിന്റെ ജീവൻ രക്ഷിച്ച് പോലീസ്. മൈലപ്ര
മണ്ണാറക്കുളഞ്ഞിയിൽ വയലിലെ ചെളിയിൽ അരക്കെട്ടോളാം പുതഞ്ഞു യുവാവ് കിടക്കുന്നതായി മൈലപ്ര പഞ്ചായത്ത് നാലാം വാർഡ് അംഗം ജെസ്സി സാമൂവൽ മലയാലപ്പുഴ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
യോദ്ധാവ് എന്ന പേരിലുള്ള ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കുമ്പളാoപൊയ്കയിൽ
വിദ്യാർഥികൾക്കളെ ഉൾപ്പെടുത്തി ബോധവൽക്കരണറാലി പോലീസിന്റെ നേതൃത്വത്തിൽ നടക്കുമ്പോഴാണ് വിവരമറിയുന്നത്. തുടർന്ന് മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയന്റെ നിർദേശാനുസരണം എസ് ഐമാരായ അനീഷ്, സലിം, സി പി ഓ അഖിൽ. ജനമൈത്രി
ബീറ്റ് ഓഫീസർ മാരായ മനോജ് സി . കെ , അരുൺ രാജ്എന്നിവരെത്തി ചെളിയിൽ നിന്നും യുവാവിനെ വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കാലുകൾ കോച്ചിമരവിച്ച നിലയിലായിരുന്നു യുവാവ്.
ശരീരത്തുനിന്നും ചെളി കഴുകി കളഞ്ഞ് കുളിപ്പിച്ച് വൃത്തിയാക്കി, വെള്ളം കുടിക്കാൻ നൽകിക്കഴിഞ്ഞപ്പോൾ പോലീസ് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്.
വസ്ത്രം മാറ്റാൻ വിസമ്മതിക്കുകയും ചെയ്തു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് ബോധ്യപ്പെട്ട പോലീസുദ്യോഗസ്ഥർ വളരെ പണിപ്പെട്ടു വസ്ത്രം മാറ്റി വേറെ വസ്ത്രം ധരിപ്പിച്ചു.
തുടർന്ന് ജില്ലയിലെയും സമീപജില്ലകളിലെയും പോലീസ് സ്റ്റേഷനുകളിൽ ആളെ കാണാതായതിനു പരാതി ലഭിച്ചിട്ടുണ്ടോ എന്നഅന്വേഷണം നടത്തിയതിൽ ശൂരനാട് പോലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ പരാതി ലഭിച്ചതായി അറിഞ്ഞു.പോരുവഴി സ്വദേശിയാണെന്നും വ്യക്തമായി. പിന്നീട് യുവാവിന്റെ ബന്ധുവിന്റെ ഫോൺ നമ്പർ ലഭ്യമാക്കി ബന്ധപ്പെടുകയും,
108ആംബുലൻസിൽ പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിൽ എത്തിക്കുകയു പ്രഥമ ശുശ്രൂഷ
ലഭ്യമാക്കുകയും ചെയ്തു.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ ഏൽപ്പിച്ചപ്പോൾ, യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയതിന്റെ ആശ്വാസത്തിലായിരുന്നു
പോലീസുദ്യോഗസ്ഥർ.