
konnivartha.com : പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിൽ,ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതിയെ റാന്നി പോലീസ് പിടികൂടി. റാന്നി നെല്ലിക്കാമൺ പുത്തൻപറമ്പിൽ ഉമ്മൻ വർഗീസിന്റെ മകൻ വർഗീസ് പി വർഗീസിനെയാണ് ഇന്ന്, വീട്ടിലെത്തിയപ്പോൾ രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സഹോദരൻ തോമസ് പി ടി രണ്ടാം പ്രതിയായിരുന്നു. 2008 ൽ രജിസ്റ്റർ ചെയ്തതാണ്
കേസ്.റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്ന പ്രതിയായ വർഗീസ് പി വർഗീസിനെ അന്വേഷിച്ച് വീട്ടിലെത്തിയ അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ അബ്ദുൽ റാഷിയെയും സംഘത്തേയും ഇയാളും സഹോദരനും തടയുകയും,
പിടിച്ചുതള്ളൂകയും ചെയ്തു.
2008 ഏപ്രിൽ നാലിനാണ് സംഭവം. അന്നുതന്നെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമെടുത്ത് മുങ്ങി ഡൽഹിയിലും മറ്റും കഴിഞ്ഞുവന്ന പ്രതി പിന്നീട് കോടതിയിൽ ഹാജരായില്ല. 12 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന ഇയാൾക്കെതിരെ റാന്നി കോടതിയിൽ ലോങ്ങ് പെന്റിങ് വാറന്റ് നിലനിൽക്കെയാണ് ഇന്ന് വീട്ടിലെത്തിയപ്പോൾ പിടികൂടിയത്. അടൂർ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നിർദേശപ്രകാരം എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ,സി പി ഓമാരായ രെഞ്ചു, ശ്രീജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.