Trending Now

വസ്തു വാങ്ങിനൽകാമെന്ന് വാക്കുനൽകി ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പിടികൂടി

Spread the love

 

konnivartha.com /പത്തനംതിട്ട : തിരുവല്ല തോട്ടഭാഗം എസ് ബി ഐയുടെ പിന്നിലെ 10 സെന്റ് വസ്തു വാങ്ങിനൽകാമെന്ന് വാക്കുനൽകി ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് പിടികൂടി. വാഴപ്പള്ളി പാലത്ര പടിഞ്ഞാറ് കുടുവാക്കുളം പ്രഭാകരന്റെ മകൻ സുനിൽ കുമാറി (47)നെയാണ് തിരുവല്ല പോലീസ് വൈകിട്ട് അറസ്റ്റ് ചെയ്തത്.

തലവടി സൗത്ത് അട്ടിപ്പറമ്പിൽ ഗീവർഗീസിനാണ് സെന്റിന് 1,80,000 രൂപ വച്ച് പ്രതി വസ്തു കച്ചവടം ഉറപ്പിച്ചത്. തുടർന്ന്, കഴിഞ്ഞവർഷം ഫെബ്രുവരി 15 ന്, ഇദ്ദേഹത്തിന്റെ തിരുവല്ല ബാങ്ക് ഓഫ് ബറോഡ ശാഖയിലെ 3 ലക്ഷം രൂപയുടെ ചെക്ക് ലീഫ് പ്രതി കൈപ്പറ്റി തുക
മാറിയെടുത്തു. പിന്നീട്, ജൂലൈയിലും സെപ്റ്റംബറിലും 50000 വീതം ഗൂഗിൾ പേ ആയും പ്രതിയുടെ സ്റ്റാഫ് മുഖേനയും കൈപ്പറ്റി.

നവംബറിൽ ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ മല്ലപ്പള്ളി എസ് ബി ഐ ശാഖയിലൂടെ എഴുത്തുകൂലി ഇനത്തിൽ പ്രതിയുടെ തിരുവല്ല കോഡാക് ശാഖയിലെ അക്കൗണ്ടിലേക്ക് 1,20,000 രൂപ കൈമാറി. മൊത്തത്തിൽ 5,20,000 രൂപ കൈക്കലാക്കിയശേഷം വസ്തു വാങ്ങിക്കൊടുക്കുകയോ തുക തിരികെനൽകുകയോ ചെയ്തില്ല എന്നാണ് കേസ്.

അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും പോലീസ് ശേഖരിച്ചിരുന്നു.
നിരവധി ആളുകളെ സുനിൽ കുമാർ ഇത്തരത്തിൽ പറഞ്ഞുപറ്റിച്ച് പണം കൈക്കലാക്കിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു.

തട്ടിപ്പ് നടത്തിയശേഷം മുങ്ങിനടന്ന പ്രതിയെ ഇന്നലെ വേങ്ങൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ മറ്റൊരു വിശ്വാസവഞ്ചന കേസിലും, ചങ്ങനാശ്ശേരിയിലൊരു വഞ്ചന കേസിലും പ്രതിയാണിയാൾ. ഈകേസുകൾ കോടതിയിൽ വിചാരണയിലാണ്. അറസ്റ്റ് ചെയ്‌തതോടെ മറ്റു ജില്ലകളിൽ നിന്നും സമാന പരാതികൾ സംബന്ധിച്ച ഫോൺ കോളുകൾ
വരുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ നിത്യാസത്യൻ , എ എസ് ഐ ബിജു , സി പി ഓമാരായ എസ് മനോജ്‌ അവിനാഷ്, മാത്യു എന്നിവരാണ്‌ അന്വേഷണസംഘത്തിലുള്ളത്.

error: Content is protected !!