
കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരും മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള ‘പിഎഫ്ഐ പ്രസ് റിലീസ്’ എന്ന ഗ്രൂപ്പിന്‍റെ പേരാണ് ‘പ്രസ് റിലീസ്’ എന്ന് ചുരുക്കിയത്
പോപ്പുലർ ഫ്രണ്ടിനെതിരെ നിരോധനത്തിന് പിന്നാലെ കടുത്ത തുടർ നടപടികളുമായി കേന്ദ്ര സർക്കാർ. പിഎഫ്ഐയുടെ എല്ലാ സോഷ്യൽ മീഡിയാ ഹാൻഡിലുകളും ഉടൻ മരവിപ്പിക്കും. ഇതിനായുള്ള നടപടികളെടുക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി.
പിഎഫ്ഐയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാൻ ബാങ്കുകൾക്കും നിർദേശം നൽകി. പിഎഫ്ഐയുടെ സ്വത്തുവകകൾ പിടിച്ചെടുത്തു പൂട്ടി മുദ്രവച്ച് കണ്ടുകെട്ടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം പരസ്യപ്പെടുത്താൻ നിയമ നിർവ്വഹണ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്
വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഓഫീസുകളിലെല്ലാം പൊലീസ് എത്തി പരിശോധനകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്. സംഘടന പിരിച്ചു വിട്ടതായി അംഗങ്ങൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറിന്റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിപ്പ് നൽകി.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ടെന്നും എല്ലാ ഇന്ത്യൻ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിതെന്നും പ്രസ്തവാനയിൽ പറയുന്നു.ഇന്ത്യയിലെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു.നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘമാണ് കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്ന് അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ എടുത്തത്.