
ശാസ്ത്രീയ പശു പരിപാലനം ട്രെയിനിംഗ്
അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 17 മുതല്‍ 22 വരെ ആറു ദിവസത്തെ ട്രെയിനിംഗ് നടത്തും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ക്ഷീരകര്‍ഷകര്‍ക്ക് 0473 4 266 869, 9495 390 436 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്സാപ്പ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.
സ്‌പോട്ട് അഡ്മിഷന്‍ : ഈ മാസം 15 മുതല്‍
ആറന്മുള സഹകരണ പരിശീലന കോളേജില്‍ എച്ച്ഡിസി ആന്റ് ബിഎം കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 15 മുതല്‍ 20 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2 278 140.
ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലന കളരി
പത്രപ്രവര്‍ത്തകര്‍ക്കായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലന കളരി നവംബര്‍ മാസം 11, 12 തീയതികളില്‍ ടെക്‌നോപാര്‍ക്ക് ഫേസ് 4 ലെ ഡിജിറ്റല്‍ സര്‍വകലാശാല കാമ്പസില്‍ നടക്കും. നവംബര്‍ 11ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ദേവദാസ് രാജാറാം (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം, ചെന്നൈ), സുനില്‍ പ്രഭാകര്‍ (കണ്‍സള്‍ട്ടന്റ്, മാതൃഭൂമി), സുശാന്ത് തങ്കമണി (സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് ക്രൗഡ് അനലിറ്റിക്‌സ്), ബഹന്‍ ബോക്‌സ് സ്ഥാപകനായ ഭാനുപ്രിയ റാവു, പ്രൊഫ. റ്റി.കെ മനോജ് (ഹെഡ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, കേരള ഡിജിറ്റല്‍ സര്‍വകലാശാല), പ്രൊഫ. എസ്. അഷറഫ് ,ഡീന്‍ (റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, കേരള ഡിജിറ്റല്‍ സര്‍വകലാശാല) തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 31. ഫോണ്‍ : 0471 2 788 000.
ലഹരി വിരുദ്ധ ജാഥ സംഘടിപ്പിച്ചു
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 12 ന് ജീവനക്കാരും തൊഴിലാളികളും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ജാഥ ജില്ലാ കമ്മിറ്റി അംഗം പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസ് ഹെഡ് ക്ലര്‍ക്ക് ആര്‍.സ്മിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.പി രാജേന്ദ്രന്‍, മുഹമ്മദ് രാജന്‍, കെ.ജി ജേക്കബ്, സി. എസ് സന്ദീപ്, ഇ.എസ് പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍
കേരള ലളിതകലാ അക്കാദമി കേരളത്തില്‍ ജനിച്ചിട്ടുള്ളതും മലയാളികളുമായ കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2022-23 ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. പെയ്ന്റിങ്, ശില്പം, ന്യൂമീഡിയ, ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിംഗ്), അപ്ലൈഡ് ആര്‍ട്ട്, കേരള മ്യൂറല്‍, ആര്‍ട്ട് ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഗവ: അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും എം.എഫ്.എ./എം.വി.എ./പോസ്റ്റ് ഡിപ്ലോമ, ബി.എഫ്.എ./ബി.വി.എ/നാഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
എം.എഫ്.എ./എം.വി.എ./പോസ്റ്റ് ഡിപ്ലോമയ്ക്ക് 50,000 രൂപ വീതം 14 വിദ്യാര്‍ഥികള്‍ക്കും, ബി.എഫ്.എ./ബി.വി.എ/നാഷണല്‍ ഡിപ്ലോമയ്ക്ക് 25,000 രൂപ വീതം 14 വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. കോഴ്‌സുകളില്‍ 2022 -23 അക്കാദമിക് വര്‍ഷത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്ത് മാസത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മറ്റ് യാതൊരുവിധ സ്‌കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകരുടെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം. അക്കാദമിയുടെ www.lalithkala.org എന്ന വെബ്‌സൈറ്റ് മുഖേനെ ഒക്ടോബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം.
എംബിഎ സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) കീഴിലുള്ള ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെ അക്ഷരനഗരിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജി(ഐഎംടി) 2022 -2024 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 17 ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഡിഗ്രിക്ക് 50 ശതമാനവും കെ-മാറ്റ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 0477 2 267 602, 9746 125 234, 9847 961 842, 8301 890 068.
സ്‌കില്‍ ലോണ്‍ മേള ഇന്ന്
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാര്‍ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുമായി സ്‌കില്‍ ലോണ്‍ മേള ഇന്ന് (15.10.2022) താഴെ പറയുന്ന കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ നടത്തും. ഗവ.കോളേജ് ഫോര്‍ വിമന്‍, വഴുതക്കാട്, തിരുവനന്തപുരം (9495 999 646), ഗവ.ഗേള്‍സ് എച്ച്.എസ്.എസ് അടൂര്‍, പത്തനംതിട്ട (9495 999 668), ഗവ. കോളേജ് (ആര്‍ട്സ് ആന്‍ഡ് സയന്‍സ്) നാട്ടകം, കോട്ടയം (9495 999 753), കാനറ ബാങ്ക് ആലപ്പുഴ, ബി.ജെ റോഡ്, ആലപ്പുഴ (9495 219 570), കട്ടപ്പന മുനിസിപ്പാലിറ്റി, ഇടുക്കി (9495 999 721), ജില്ലാ കളക്ട്രേറ്റ്, പാലക്കാട് (9495 999 703), കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍, പേരാമ്പ്ര, കോഴിക്കോട് (9495 999 783).
നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്കും, ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ മേഖലയില്‍ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്സ് കാലയളവിലും തുടര്‍ന്നുള്ള ആറു മാസവും മൊറട്ടോറിയവും, മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും.
അസാപ് കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, എന്‍എസ്‌ക്യൂഎഫ്/ എന്‍എസ്ഡിസി അംഗീകൃതമായ കോഴ്‌സുകള്‍ ചെയ്യുന്ന മറ്റു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും.
പ്രി-ഡിഡിസി യോഗം ഈ മാസം 22ന്
ജില്ലാ വികസന സമിതിയുടെ ഒക്ടോബര്‍ മാസത്തെ പ്രി-ഡിഡിസി യോഗം ഈ മാസം 22 ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.
സംരംഭകത്വ ബോധവത്ക്കരണം: ഏകദിന ശില്‍പ്പശാല നടന്നു
‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള സംരംഭകത്വ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായ ഏകദിന ശില്‍പ്പശാല പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം അധ്യക്ഷത വഹിച്ചു.
മുഖ്യ പ്രഭാഷകയായ സ്വപ്ന ദാസ് (ഉപജില്ലാ വ്യവസായ ഓഫീസര്‍, തിരുവല്ല) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍, സേവനങ്ങള്‍, ലൈസന്‍സ് നടപടി ക്രമങ്ങള്‍ എന്നിവയെ കുറിച്ചും ഹരികൃഷ്ണന്‍ (ആര്‍ബിഒ, എസ്ബിഐ തിരുവല്ല, ) ബാങ്ക് വായ്പ നടപടി ക്രമങ്ങളെ കുറിച്ചും ഹെയ്‌ഡേ ബ്രാന്‍ഡിംഗ് ഫൗണ്ടര്‍ ബെന്‍സണ്‍ വര്‍ഗീസ് ആധുനിക വിപണന രീതികളെ കുറിച്ചും ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ അനു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിശാഖ് വെണ്‍പാല, കെ.എസ് രാജലക്ഷ്മി, പുളിക്കീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എസ്.കവിത തുടങ്ങിയവര്‍ പങ്കെടുത്തു. പുളിക്കീഴ് ബ്ലോക്കിന് കീഴിലുള്ള തൊണ്ണൂറോളം സംരംഭകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.