
konnivartha.com : നോർവീജിയൻ റുമാറ്റിക് ഓർഗനൈസേഷന്‍റെ മെഡിക്കൽ ഉപദേഷ്ടാവായി യുവ മലയാളിവനിതാ ഡോക്ടർ നിയമിതയായി. വടശേരിക്കര പാഞ്ചജന്യം കല്ലാർ വാലി റെസിഡെൻസിയില്‍ ഡോക്ടർ നയന ഗീത രവിയ്ക്കാണ് അപൂർവ നേട്ടം ലഭിച്ചത് .കോന്നി പുളിക്കമണ്ണിൽ വീട്ടിൽ രവി പിള്ള, ഗീതാകുമാരി ദമ്പതികളുടെ മകളാണ് ഡോ: നയന.
നോർവേയിലെ റുമാറ്റോളജി ആരോഗ്യ വിഭാഗം റിസേർച്ച് വിഭാഗത്തിന്‍റെ ചുമതല ഇനി ഡോ: നയനക്കാണ്. ഈ രംഗത്ത് ആ രാജ്യത്തിന്‍റെ ആരോഗ്യ പോളിസി നിശ്ചയിക്കുന്നതിൽ ഇവർ നിർണായക പങ്കു വഹിക്കും.
രോഗികളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മികവുറ്റതും നൂതനവുമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഡോ: നയന അഭിപ്രായപ്പെട്ടു.
തമിഴ് നാട്ടിലെ എം ജി ആര്‍ യൂണിവേഴ്സിറ്റിയിൽ നിന്നാണ് മെഡിക്കൽ സയൻസിൽ ഡിഗ്രി പൂർത്തിയാക്കിയത്. നോർവേയിലെ ഓസ്‌ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിൽ പൂർത്തിയാക്കി. കേരളത്തിൽ പ്രവർത്തനങ്ങളുള്ള “ഡെയിലി എഗ്ഗ് “എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി പ്രവർത്തിച്ചിട്ടുണ്ട്.
കോന്നി അരുവാപ്പുലം പഞ്ചായത്തിലെ വനവാസികൾക്ക് പോഷകാഹാരം പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ പ്രവർത്തിച്ചിരുന്നു. കേരളത്തിലെ കുട്ടികളില്ലാത്ത സ്ത്രീകൾ ആരോഗ്യ രംഗത്ത് നേരിടുന്ന പ്രതിസന്ധികളെ പറ്റി പഠനം നടത്തിയിട്ടുണ്ട്.
നോർവേ ഓസ്‌ലോ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സയന്റിസ്റ് ആണ് ഭർത്താവ് ഡോക്ടർ രാഹുൽ പ്രസന്ന കുമാർ. 7 വയസ്സുകാരി ആത്മിക മകളാണ്.