
konnivartha.com : മുൻവിരോധം കാരണം കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെയും ഭാര്യയെയും റാന്നി പോലീസ് അറസ്റ്റ് ചെയ്തു.റാന്നി തോമ്പിക്കണ്ടം തടത്തിൽ വീട്ടിൽ ബാബു ടി എ, ഇയാളുടെ ഭാര്യ ലിംസി എന്നിവരെയാണ് റാന്നി പോലീസ് ഇന്ന് പിടികൂടിയത്.
തൊമ്പിക്കണ്ടം ഓലിക്കൽ വീട്ടിൽ അപ്പായിയുടെ മകൻ ജോസ് എന്ന് വിളിക്കുന്ന കൊച്ചുകുഞ്ഞി(59) നാണ് കമ്പിവടികൊണ്ടുള്ള അടിയേറ്റത്.സെപ്റ്റംബർ 23 ന് രാവിലെ 5.45 നാണ് സംഭവം. കൊച്ചുകുഞ്ഞിന്റെ വീടിന്റെ തെക്കുവശത്തെ വാതിലിലെ കതകിലേക്ക് അഴുക്കുവെള്ളം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ ബാബു അടിച്ച് വലത് കണ്ണിന്റെ
ഭാഗത്ത് മുറിവ് ഏൽപ്പിക്കുകയായിരുന്നു.രണ്ടാമത്തെ അടി കൈകൊണ്ട് തടഞ്ഞ കൊച്ചുകുഞ്ഞ് അപ്പോഴേക്കും താഴെ വീണു, വലതുകാൽ മുട്ടിനു പരിക്കേൽക്കുകയും ചെയ്തു.രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ കല്ലുപെറുക്കി എറിയുകയും ചെയ്തു.ഇരുകൂട്ടരും തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിൽക്കുന്നതിനാൽ വിരോധത്തിലാണ് കഴിഞ്ഞുവരുന്നത്.
ഒന്നാം പ്രതി ബാബു സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നയാളാണ്.റാന്നി പോലീസ് സ്റ്റേഷനിൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ആറ്
ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
നല്ലനടപ്പ് വ്യവസ്ഥയിൽ ജാമ്യത്തിൽ കഴിഞ്ഞുവരവേ വീണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവരികയാണ്. 2018 മുതൽ കേസുകളിൽ പ്രതിയായ ഇയാളെ
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തെ തുടർന്ന് പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്
ഐ ശ്രീജിത് ജനാർദ്ദനൻ, എസ് സി പി ഓ ബിജു മാത്യു, സി പി ഓമാരായ ജോൺ ഡി ഡേവിഡ്, ജോസി മാത്യു, നീനു വർഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.