Trending Now

ശബരിമല തീര്‍ഥാടനം കേരളത്തിന്‍റെ അഭിമാനം: മന്ത്രി കെ. രാധാകൃഷ്ണന്‍

Spread the love

 

konnivartha.com : ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനമാണെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീര്‍ഥാടന തയാറെടുപ്പുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും തങ്ങളുടെ ന്യൂനതകള്‍ കണ്ടെത്തി സ്വയം പരിഹരിക്കുന്ന സ്ഥിതിയുണ്ടാവണം. ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴല്ല വകുപ്പുകള്‍ ന്യൂനതകണ്ടെത്തേണ്ടത്.

ഓരോ വകുപ്പുകളും സ്വയം ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കണം. വലിയ ജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യമൊരുക്കും. ഭക്തന്മാര്‍ക്ക് ആവശ്യമായ സംരക്ഷണം, ആരോഗ്യപരിപാലനം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

വകുപ്പുതല കോ-ഓര്‍ഡിനേഷനായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കും.
എല്ലാ വകുപ്പുകളും അവരുടെ ജോലികള്‍ കൃത്യമായി ചെയ്യണം. ഏറ്റവും മികച്ച രീതിയില്‍ തീര്‍ത്ഥാടനം നടത്തുകയാണ് ലക്ഷ്യം. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകള്‍ സുരക്ഷ ശക്തമാക്കണം. ആവശ്യമായ ടോയ്‌ലറ്റ് സംവിധാനം ഒരുക്കും. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്ന തരത്തിലുള്ള ചികിത്സ സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കി നല്‍കണം.

വനം വകുപ്പ് പരമ്പരാഗത പാതയില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങും. സൗജന്യ കുടിവെള്ള വിതരണം, എക്കോ ഷോപ്പുകള്‍ എന്നിവ ആരംഭിക്കും. വന്യ ജീവികളുടെ ആക്രമണം തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും. എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് സ്‌ക്വാഡ് എന്നീ ടീമുകളെ നിയോഗിക്കും. നവംബര്‍ അഞ്ചോടു കൂടി പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കും.

വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പിഡബ്ല്യുഡി, കെ എസ് ഇ ബി, വകുപ്പുകള്‍ നവംബര്‍ പത്തിനു മുന്‍പായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ആംബുലന്‍സിന്റെയും വിന്യാസം, മരുന്നു സംഭരണം തുടങ്ങിയ പ്രവര്‍ത്തനം ആരംഭിച്ചു. കൊതുകു നശീകരണത്തിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കും. ആന്റി വെനം ആശുപത്രികളില്‍ ലഭ്യമാക്കും. കെ എസ് ആര്‍ ടി സി കൂടുതല്‍ ബസ് സൗകര്യമൊരുക്കും. ഫയര്‍ഫോഴ്സ്സ്‌കൂബാ ടീമിനെ നിയോഗിക്കും. സിവില്‍ ഡിഫന്‍സ് ടീമിനെയും ഇത്തവണ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സി അധിക ബസുകള്‍ സര്‍വീസിന് അനുവദിക്കുമ്പോള്‍ അവയ്ക്കുള്ള പാര്‍ക്കിംഗ് സൗകര്യം വനം വകുപ്പ് നല്‍കണമെന്ന് അഡ്വ. മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മികച്ച താമസ സൗകര്യമൊരുക്കണം. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇത്തവണയും പദ്ധതിക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നും എം എല്‍ എ പറഞ്ഞു.

വകുപ്പുകള്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. സംതൃപ്തമായ മണ്ഡലകാലമാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ വലിയ ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്കിനനുസരിച്ചുള്ള സുരക്ഷ ഉറപ്പാക്കണമെന്നും എം എല്‍ എ പറഞ്ഞു.

തിരുവാഭരണം ഇറക്കി വച്ച് പ്രാര്‍ത്ഥിക്കുന്ന ളാഹയിലെ സ്ഥലത്തെ പരിമിതി മനസിലാക്കി 75  ലക്ഷം രൂപ മുതല്‍ മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സംവിധാനമൊരുക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഫലപ്രദമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇവ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ വകുപ്പുകള്‍ തയാറാവണം.

ദുരന്തനിവാരണ വിഭാഗം കഴിഞ്ഞ മണ്ഡല മകരവിളക്കു കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അത് ഈ വര്‍ഷവും തുടരണം. കോവിഡാനന്തര പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകുമ്പോള്‍ അവയ്ക്ക് സ്‌പെഷലിസ്റ്റുകളുടെ സേവനം ഉള്‍പ്പെടെ പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കണം. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പ്രവര്‍ത്തനം വിപുലമായി നടത്തുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും എം എല്‍ എ പറഞ്ഞു.

തീര്‍ത്ഥാടകരുടെ ശബരിമല പ്രവേശനം വെര്‍ച്വല്‍ ക്യൂവിലൂടെയായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. പന്ത്രണ്ടു സെന്ററുകള്‍ ഇതിനായി സ്ഥാപിച്ചു കഴിഞ്ഞു. നിലയ്ക്കല്‍ മാത്രം പത്തു കൗണ്ടറുകള്‍ ആരംഭിച്ചു കഴിഞ്ഞു.

തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ചു പോയ വസ്ത്രങ്ങളുടെ നിര്‍മാര്‍ജനത്തിനും പമ്പാ നദിയിലെ തടികളും ചെളിയും നീക്കം ചെയ്യുന്നതിനും വനം വകുപ്പിന്റെ സഹായം ആവശ്യമാണ്.

ശബരിമലയിലേക്ക് പുല്‍മേട് പാതയുള്‍പ്പെടെയുള്ള എല്ലാ പാതകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും. വിവിധ വകുപ്പുകള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ഇത്തവണ എല്ലാ ടോയ്‌ലറ്റ് കോംപ്ലക്‌സുകളും തുറന്നു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. കൂടുതല്‍ തീര്‍ഥാടകരെ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. സമയബന്ധിതമായി വകുപ്പുകള്‍ തീരുമാനങ്ങള്‍ നടപ്പാക്കണം.

ദുരന്തനിവാരണ വിഭാഗം പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തുടങ്ങും. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി പരിഹരിച്ചു പോവുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.

ദേവസ്വം വകുപ്പ് സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍ അജിത്ത്കുമാര്‍, കോട്ടയം കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ ആര്‍. അജിത്ത് കുമാര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ ടി.കെ. സുബഹ്മണ്യന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പത്തനംതിട്ട രഞ്ജിത്ത് കെ. ശേഖര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചെങ്ങന്നൂര്‍ വി. രാജേഷ് മോഹന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, പന്തളം കൊട്ടാരം പ്രതിനിധി പി. രാജരാജവര്‍മ്മ, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!