30 ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കുടുക്കി

Spread the love

 

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് എടുത്ത വീട്ടിൽ കച്ചവടത്തിന് സൂക്ഷിച്ച, 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി കുടുങ്ങി.

പിക്ക് അപ്പ്‌ വാനിൽ കടത്തിക്കൊണ്ടുവന്ന 5250 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ രാജൻ കുട്ടിയുടെ മകൻ ബിനുരാജാ(43)ണ്‌ രാമഞ്ചിറയിൽ പോലീസിന്റെ പിടിയിലായത്.

ഡാൻസാഫ് ടീമും ഇലവുംതിട്ട പോലീസും ചേർന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ വീട്ടിൽ നിന്നും കോഴഞ്ചേരി ഗവൺമെന്റ് സ്കൂളിന് സമീപം ടി ടി മാത്യു വക തൂവോൺ മലയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിനുരാജിന്റെ, ബന്ധുക്കളായ ദമ്പതികൾ അന്ന് കോഴഞ്ചേരിയിൽ കസ്റ്റഡിയിലായിരുന്നു.

ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഡാൻസാഫ് സംഘത്തിന്റെയും, ആറന്മുള പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് ബിനുരാജ് വാടകയ്‌ക്കെടുത്ത
വീട്ടിൽ നിന്നും വിവിധ ഇനങ്ങളിൽ പ്പെട്ട 37000 ലധികം പുകയില ഉൽപ്പന്നപായ്ക്കറ്റുകൾ അന്ന് പിടിച്ചെടുത്തത്. പരിശോധനയിൽ ഒരു ലക്ഷത്തിലധികം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. അന്ന് ഓടിരക്ഷപ്പെട്ട ബിനുരാജ് പോലീസ് നിരീക്ഷണത്തിലായിരുന്നു.ഇയാൾ ജില്ലാ കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നും കച്ചവടത്തിന് മുതിർന്ന പ്രതിയെ തന്ത്രപൂർവം പോലീസ്   വലയിലാക്കുകയാണുണ്ടായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം, ബിനുരാജിന്റെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ചുവന്ന ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറും നാർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, പത്തനംതിട്ട ഡി വൈ എസ് പി, എസ് നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ ഇലവുംതിട്ട പോലീസും നടത്തിയ
സംയുക്ത നീക്കത്തിൽ ഇന്നലെ രാത്രി കുടുക്കുകയായിരുന്നു. അന്ന് പിടിയിലായ ദമ്പതികൾ, കോഴഞ്ചേരി കോഴിപ്പാലത്തിനടുത്ത് വാടകയ്ക്ക് എടുത്തുകൊടുത്ത കടയിലെ വാഴക്കുല കച്ചവടത്തിന്റെ മറവിലാണ് പുകയില ഉൽപ്പന്നങ്ങൾ ബിനുരാജ് വിറ്റഴിച്ചിരുന്നത്. ഒളിവിൽ പോയ ബിനുരാജിനായി തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിരുന്നു. ഈ വീടിന് സമീപം വേറെ രണ്ട് വീടുകൾ കൂടി ഇയാൾ വാടകയ്ക്ക് എടുത്തതായി അന്വേഷണത്തിൽ വെളിവായിരുന്നു. ജില്ലയിൽ സമീപ കാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡ് ആണ് കോഴഞ്ചേരിയിൽ നടന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ചില്ലറ കച്ചവടത്തിന് സൂക്ഷിച്ചിരുന്ന ലഹരി ഉൽപ്പന്നങ്ങളാണ് അന്നത്തെ പരിശോധനയിൽ പിടിച്ചെടുത്തത്.

ലഹരിവസ്തുക്കളുടെ ചില്ലറ വില്പനക്കായി ഉപയോഗിച്ചിരുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും അന്ന് പിടിച്ചെടുത്തിരുന്നു. ഡാൻസാഫ് എസ് ഐ അജിസാമൂവൽ, സി പി ഓ അഖിൽ, ഇലവുംതിട്ട എസ് ഐ വിഷ്ണു, എസ് സി പി ഓ സന്തോഷ്‌ എന്നിവർ ചേർന്നാണ് ബിനുരാജിനെ ഇന്നലെ അറസ്റ്റ് ചെയ്യുകയും, പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്. യോദ്ധാവ് ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി ഇത്തരം പരിശോധനകൾ തുടരുകയും, നിയമലംഘകരെ പിടികൂടുകയും ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

error: Content is protected !!