
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബർഗിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്. ശനിയാഴ്ച ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റർ സാൻഡ്‌ടൺ ഏരിയയിൽ ജനതിരക്ക് അനുഭവപ്പെടുന്ന സമയം ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും യുഎസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.ആളുകളുടെ കൂട്ടവും വലിയ ഒത്തുചേരലുകളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.സാധ്യതയുള്ള ആക്രമണത്തിന്റെ സമയത്തെക്കുറിച്ചോ, രീതിയെക്കുറിച്ചോ, ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിവരം ലഭ്യമല്ലെന്ന് യുഎസ് അറിയിച്ചു.
തെക്കൻ ഇറാനിയൻ നഗരമായ ഷിറാസിലെ ഷിയാ മുസ്ലീം ആരാധനാലയത്തിൽ ഭീകരാക്രമണം. സായുധരായ ഭീകരർ നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്ന് ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. മൂന്ന് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തു.