
യോദ്ധാവ് എന്നപേരിൽ ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡുകൾ ജില്ലയിൽ
തുടരുന്നതിനിടെ, ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് 620 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി.
കെട്ടിടനിർമാണ തൊഴിലിൽ ഏർപ്പെട്ടുവന്ന അസം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ബാറുവപ്പാര മംഗലോഡി ജില്ല ഫാജിൽ വീട്ടിൽ ഫസൽ ഹഖ്, ഡറാങ്ക്
സ്വദേശി അത്താഫ് അലി എന്നിവരെയാണ്, കുറ്റൂരിലെ ഇവരുടെ താമസസ്ഥലത്തുനിന്നും ഞായർ രാത്രി ഏട്ടരയ്ക്ക് കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെ
തുടർന്ന്, ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിൽ നടത്തിയ നീക്കത്തിലാണ് യുവാക്കൾ കുടുങ്ങിയത്.
തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവ് ജില്ലയിലും
നടന്നുവരികയാണ്. ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഒ സുജിത് എന്നിവരും, തിരുവല്ല എസ് ഐ അനീഷ് എബ്രഹാം, എസ്
ഐ ഹുമയൂൺ, എ എസ് ഐ മനോജ്, എസ് സി പി ഒ മനോജ്, സി പി ഒ ജോസ് എന്നിവരും ഉൾപ്പെട്ട പോലീസ് സംഘം തന്ത്രപരമായി പ്രതികളെ കുടുക്കുകയായിടുന്നു.
മേലുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു. നിരവധി എ റ്റി എം കാർഡുകളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾ മാസത്തിൽ രണ്ടുതവണ നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ കഞ്ചാവ് കൊണ്ടുവരാറുണ്ടെന്നും,
സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിന് അതിനാൽ തന്നെ വലിയ പരിശോധന നേരിടേണ്ടി വരാറില്ല എന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. ഇവിടെയെത്തിക്കുന്ന കഞ്ചാവ് 5, 10 ഗ്രാമുകളുടെ പൊതികളാക്കി ആവശ്യക്കാർക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ കഴിഞ്ഞ രണ്ടുവർഷമായി കഞ്ചാവ് വില്പന നടത്തിവരുന്നുണ്ടെന്നും പ്രതികൾ വെളിപ്പെടുത്തി. ഇവരുടെ കൂട്ടത്തിൽ നിരവധി സംഘങ്ങൾ ഉള്ളതായി വ്യക്തമായതായും, അന്വേഷണം ഊർജ്ജിതമാക്കാൻ പോലീസിന് കർശന നിർദേശം നൽകിയതായും ജില്ലാ
പോലീസ് മേധാവി പറഞ്ഞു.