konnivartha.com : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചു കോന്നി ടൗണിലെ ഗതാഗത കുരുക്കു നിയന്ത്രിക്കുന്നതിന് വേണ്ടി കോന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നു .
ടൗൺ കേന്ദ്രീകരിച്ചു നാല് റോഡിലും അമ്പതു മീറ്റർ ചുറ്റളവിൽ പാർക്കിംഗ് പൂർണ്ണമായി നിരോധിക്കുവാനും, മാർക്കറ്റ് ജംക്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള പ്രദേശങ്ങളിൽ വാഹനം നിർത്തിയുള്ള വഴിയോര കച്ചവടം നിരോധിക്കുവാനും,ടൗണിൽ സ്റ്റാൻഡിൽ കിടക്കാതെ കറങ്ങിയുള്ള മുച്ചക്ര വാഹനങ്ങളുടെ ഓട്ടം നിരോധിക്കുവാനും കോന്നി ആനകൂട് റോഡിൽ വീതി കുറഞ്ഞ സ്ഥലത്തു പാർക്കിംഗ് നിരോധിക്കുവാനും തീരുമാനിച്ചു.
തീർത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഈ മാസം 15 മുതൽ ഈ പരിഷ്കരണം നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.കാൽനട യാത്രക്കാർക്ക് ഉൾപ്പടെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപങ്ങളുടെയും ബോർഡ് മാറ്റി സ്ഥാപിക്കുവാനും തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇതര സർക്കാർ വകുപ്പ് പ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും പങ്കെടുത്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ മുരളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായജോയ്സ് എബ്രഹാം,പുഷ്പ ഉത്തമൻ,ജിഷ ജയകുമാർ,ആനി സാബു തോമസ്,സിന്ധു സന്തോഷ്,വിവിധ വകുപ്പുകൾ , പോലീസ്,മോട്ടോർ വാഹന വകുപ്പ് ,പി.ഡബ്ല്യൂ.ഡി, എം.ജി.എൻ.ആർ.ഈ.ജി.എസ് വ്യാപാര-വ്യവസായി,മാധ്യമ പ്രതിനിധികൾ പങ്കെടുത്തു
