
konnivartha.com/ പത്തനംതിട്ട : ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശം, കേസ് നടത്തി നേടുന്നതിന് കോടതിയിൽ
വേണ്ടിവരുന്ന ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി പറ്റിച്ച രണ്ടുപേരെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു.
വി കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടിൽ സന്തോഷ്‌കുമാറിന്റെ ഭാര്യ രമ കെ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടിൽ നിന്നും കുമ്പഴ ചരിവുപറമ്പിൽ വീട്ടിൽ താമസിക്കുന്ന സദാനന്ദന്റെ മകൻ സജു സി എസ്(44) എന്നിവരെയാണ് ഇന്നലെ രാവിലെ പിടികൂടിയത്.
കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി കേസ് നിലവിലുണ്ട്, വസ്തു 230 കോടിയോളം വിലവരുന്നതാണെന്നും, ഈ കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നൽകിയാൽ, ബാങ്ക് വായ്പ്പകൾ അടച്ചുകൊള്ളാമെന്ന് പറഞ്ഞ്, കൊടുമൺ ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ് തൊട്ടരികിൽ പുത്തൻവീട്ടിൽ സജി ബേബിയുടെ ഭാര്യ മറിയാമ്മ
ചാക്കോയിൽ നിന്നും പല കാലയളവിലായി 5,65,000 രൂപയും നാലര പവൻ സ്വർണവും പ്രതികൾ കൈക്കലാക്കി.
തുകയും സ്വർണവും തിരികെ ചോദിച്ചപ്പോൾ, സർക്കാർ മുദ്രയോടുകൂടിയ ജില്ലാ സെഷൻസ് കോടതി ഉത്തരവ് വ്യാജമായി നിർമിച്ചശേഷം സത്യമാണെന്നു വിശ്വസിപ്പിച്ച്, തുകയും മറ്റും തിരിച്ചുകൊടുക്കാതെ പറ്റിക്കുകയായിരുന്നു.
ചതിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ മറിയാമ്മ ചാക്കോ കൊടുമൺ പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയാണുണ്ടായത്. തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഈമാസം അഞ്ചിന് മറിയാമ്മ ഹാജരാക്കിയ, പ്രതികൾ മുദ്രപ്പത്രത്തിൽ നൽകിയ രേഖകളും മറ്റും പരിശോധിച്ചു. അവ വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കളവായി പ്രതികൾ നിർമിച്ച കോടതി ഉത്തരവ്, പ്രതികൾക്ക് നൽകാനുള്ള പണത്തിനായി സ്വർണം പണയം വച്ചതിന്റെ രസീതുകൾ, തീറാധാരം എഴുതി പണയപ്പെടുത്തുന്നതിലേക്ക്
മുദ്രപ്പത്രത്തിലെഴുതിയത്, പ്രതിയായ രമയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയ തെളിവുകൾ കൂടുതൽ പരിശോധനയ്ക്കായി പോലീസ് സംഘം ബന്തവസ്സിലെടുത്തു.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശാനുസരണം, അന്വേഷണം വ്യാപിപ്പിച്ച പോലീസ്, പ്രതികൾ മുദ്രപ്പത്രം വാങ്ങിയ അടൂരുള്ള ആധാരമെഴുത്ത് ഓഫീസിലെത്തി വിശദമായ പരിശോധന നടത്തി. മുദ്രപ്പത്രങ്ങൾ എഴുതി സൂക്ഷിക്കുന്ന
ബുക്കുകളും മറ്റും പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു. കോടതി ഉത്തരവിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നതിന് കൊട്ടാരക്കര സബ് കോടതിയിലെത്തി ശിരസ്തദാറെയും അഡിഷണൽ ഗവണ്മെന്റ് പ്ലീഡറെയും കണ്ട് അന്വേഷണം നടത്തിയ പോലീസിന് ഉത്തരവ് വ്യാജമായി
ഉണ്ടാക്കിയതാണെന്ന് വെളിപ്പെട്ടു. മാത്രമല്ല, ഉത്തരവിൽ പറഞ്ഞിരിക്കുന്ന കോടതി നിലവിലില്ലാത്തതാണെന്നും വ്യക്തമായി.
അതിവിദഗ്ദ്ധമായി വെട്ടിപ്പ് നടത്തിയ പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പോലീസ്
ഊർജ്ജിതമാക്കിയതിനെ തുടർന്ന് കോന്നിയിൽ നിന്നും ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രണ്ടാം പ്രതി സജുവിനെയാണ് ആദ്യം പിടികൂടിയത്,
(23.11.2022) രാവിലെ കോന്നി ബസ് സ്റ്റാന്റിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, വൈകിട്ടോടെ കോന്നി വെള്ളപ്പാറയിൽ നിന്നും ഒന്നാം പ്രതിയെ പിടികൂടി.
വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സമാനമായ വേറെയും കുറ്റകൃത്യം പ്രതികൾ നടത്തിയിട്ടുണ്ടോയെന്നും, കൂടുതൽ പേർ ചതിക്കപ്പെട്ടിട്ടുണ്ടോയെന്നും മറ്റും അന്വേഷണം നടന്നുവരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിന് പോലീസ് നീക്കം തുടങ്ങി.
പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ് ഐമാരായ രതീഷ് കുമാർ, സതീഷ്, എസ് സി പി ഓമാരായ പ്രമോദ്, വിനീത്, സി
പി ഓമാരായ അജിത് കുമാർ, പ്രദീപ്, സിന്ധു, സുനിത, അജിത് എസ് പി എന്നിവരാണ് സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.