പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ

Spread the love

 

പത്തനംതിട്ട കുമ്പഴയിൽ പതിമൂന്നുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും വിധേയയാക്കിയ 52 കാരനായ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് പോക്സോ
കോടതി. അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ഒന്ന് ( പോക്സോ )ജഡ്ജി ജയകുമാർ ജോൺ ആണ്, ഇരയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതിയെ പോക്സോ നിയമത്തിലെ 3,4,5,6, ബാലനീതി നിയമത്തിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ച് വെവ്വേറെ ശിക്ഷകളും പിഴയും വിധിച്ചത്.

3,4,5,6, 5 ന്റെ ഉപവകുപ്പുകൾ എന്നിവ എല്ലാംകൂടി ചേർത്ത് ആകെ 107 വർഷവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷാവിധി. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 5 വർഷവും രണ്ടുമാസവും കൂടി അധികശിക്ഷ അനുഭവിക്കണം.

പോക്സോ വകുപ്പ് 5(k), 5(h) എന്നിവയനുസരിച്ചുള്ള കുറ്റങ്ങളിലെ ഒഴിച്ച് ബാക്കിയുള്ള ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020 ൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത
കേസിൽ, കുട്ടിയുടെ മൊഴി കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിൽ എത്തി എസ് ഐ ലീലാമ്മയാണ് രേഖപ്പെടുത്തിയത്.

പീഡനം സംബന്ധിച്ച പരാതി ചൈൽഡ് ലൈനിൽ നിന്ന് പത്തനംതിട്ട പോലീസിന് ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ എസ് ന്യൂമാൻ ആയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചത് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ജി സുനിൽ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
അഡ്വ.ജെയ്സൺ മാത്യൂസ് ഹാജരായി. കുട്ടി ഇപ്പോഴും വൺ സ്റ്റോപ്പ്‌ സെന്ററിൽ കഴിയുകയാണ്. പിഴത്തുക കുട്ടിക്ക് നൽകാനും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും, കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

error: Content is protected !!