
ഭിന്നശേഷി ദിനാചരണം: സംസ്ഥാനതല പരിപാടി തിരൂരിൽ
ഈ വർഷത്തെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികൾ മലപ്പുറം ജില്ലയിലെ തിരൂരിൽ നടക്കുമെന്ന് മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ മൂന്നിന് വൈകീട്ട് മൂന്നരയ്ക്ക് തിരൂർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന പരിപാടി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ഭിന്നശേഷി പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്യും. കായിക വകുപ്പുമന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷനാകും.
രാജ്യത്തെ ഏറ്റവും ഭിന്നശേഷി സൗഹൃദമായ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ എന്നിവ മുഖേന നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളിലൂടെ സർക്കാർ വിഭാവനം ചെയ്ത ‘തടസ്സരഹിത കേരളം‘ എന്ന ലക്ഷ്യത്തിലേക്കു സുപ്രധാന ചുവടുകൾ വെച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് ഈ വർഷത്തെ ഭിന്നശേഷി ദിനാചരണ പരിപാടികൾ നടപ്പാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു
വിദേശ പൗരൻമാരെ താമസിപ്പിക്കുന്നതിനുള്ള ട്രാൻസിറ്റ് ഹോം (ഡിസംബർ 2) ഉദ്ഘാടനം ചെയ്യും
സാമൂഹ്യനീതി വകുപ്പിനുകീഴിൽ കൊല്ലം മയ്യനാട് ആരംഭിക്കുന്ന ട്രാൻസിറ്റ് ഹോം ഉദ്ഘാടനം (ഡിസംബർ 2) രാവിലെ 11 ന് ഉന്നതവിദ്യാഭ്യാസ – സാമൂഹികനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എംഎൽഎ അധ്യക്ഷനാകും. നൈജീരിയൻ സ്വദേശികളായ രണ്ടുപേർ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി നടത്തിയ ഇടക്കാലവിധികളുടെ അടിസ്ഥാനത്തിലാണ് ട്രാൻസിറ്റ് ഹോം ആരംഭിക്കുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്പോർട്ട്, വിസ കാലാവധിക്കു ശേഷം രാജ്യത്ത് തുടരുന്നവരെയും, ശിക്ഷാകാലാവധിക്ക് ശേഷമോ പരോളിലോ ജയിൽമോചിതരാകുകയോ ചെയതവർ, മറ്റുവിധത്തിൽ സംരക്ഷണം വേണ്ടവർ എന്നിങ്ങനെയുള്ള വിദേശപൗരന്മാർക്കുള്ള താല്ക്കാലിക താമസ സൗകര്യമൊരുക്കാൻ ട്രാൻസിറ്റ് ഹോമുകൾ ആരംഭിക്കണമെന്ന് ഹെക്കോടതി ഇടക്കാല ഉത്തരവുകളിൽ പറഞ്ഞിരുന്നു.
2020 ൽ പുറപ്പെടുവിച്ച വിധിയിൽ നൽകിയ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന് കീഴിൽ തൃശ്ശൂരിലെ പൂങ്കുന്നത്ത് 2021 മെയ് 13 മുതൽ വാടകക്കെട്ടിടത്തിൽ താൽക്കാലികമായി ട്രാൻസിറ്റ് ഹോം ആരംഭിച്ചിരുന്നു. തുടർന്ന്, കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനുവലിന്റെ അടിസ്ഥാനത്തിൽ മാർഗ്ഗരേഖയുണ്ടാക്കി രണ്ട് ട്രാൻസിറ്റ് ഹോമുകൾ താൽക്കാലികമായി ആരംഭിക്കാനുള്ള നിർദ്ദേശം സാമൂഹ്യനീതി ഡയറക്ടർ സമർപ്പിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ആഭ്യന്തരവകുപ്പിന് കീഴിൽ പോലീസ് വകുപ്പിന്റെ നിയന്ത്രണത്തിൽ താൽക്കാലികമായി ആരംഭിച്ച ട്രാൻസിറ്റ് ഹോമിന് പകരം കെട്ടിടം കണ്ടെത്താൻ നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസിറ്റ് ഹോം ആരംഭിക്കുന്നത്.
സായുധസേനാ പതാക വിൽപ്പന ഉദ്ഘാടനം (02 ഡിസംബർ)
സായുധസേനാ പതാക വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം (02 ഡിസംബർ) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. രാവിലെ 10ന് രാജ്ഭവനിലാണു ചടങ്ങ്.
സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
2019-20, 2020-21 വർഷങ്ങളിൽ ഇ-ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. (ഡിസംബർ 3) തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
10 ഇ-ഗവേണൻസ് വിഭാഗങ്ങൾക്കാണ് പുരസ്‌കാരം. കോവിഡ് മഹാമാരിയുടെ തീവ്രത കുറയ്ക്കുന്നതിന് നടത്തിയ ഐ.ടി. ഇടപെടലുകൾ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായി.
ഇ സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിനുള്ള ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയും കേരള ഹൈക്കോടതിയും പങ്കിട്ടു. തിരുവനന്തപുരം നഗരസഭയുടെ, ഐ.ടി. സഹായത്തോടെ നടപ്പിലാക്കിയ, ജലവിതരണ ടാങ്കർ നിയന്ത്രണ സംവിധാനമാണ് ഒന്നാം സ്ഥാനത്തിനർഹമായത്. കേരള ഹൈക്കോടതിയുടെ ഓൺലൈൻ സർട്ടിഫൈഡ് കോപ്പി സംവിധാനവും ഈ വിഭാഗത്തിൽ അവരെ ഒന്നാം സ്ഥാനത്തിനർഹമാക്കി.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി അയയ്‌ക്കണം. ഇ-മെയിൽ : – [email protected]. അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.
ഇ-സിറ്റിസൺസ് സർവീസ് ഡെലിവറി വിഭാഗത്തിലെ സ്ഥാനം കണ്ണൂർ സർവകലാശാലയും സംസ്ഥാന മത്സ്യവകുപ്പും പങ്കിട്ടു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും ക്ഷീരവികസന വകുപ്പും മൂന്നാം സ്ഥാനത്തിനർഹരായി.
മൊബൈൽ ഗവേണൻസ് വിഭാഗത്തിലെ ഒന്നാം സ്ഥാനം കുടുംബശ്രീയും സംസ്ഥാന പോലീസും പങ്കിട്ടു. കുടുംബശ്രീയുടെ ‘ഗ്രാൻഡ് കെയർ’ പ്രോജക്റ്റും സംസ്ഥാന പോലീസിന്റെ ‘പോൽ‘ ആപ്പുമാണ് ഒന്നാം സമ്മാനാർഹമായത്.
സൈബർ ഗവേണൻസ് രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലാ ഭരണകൂടവും മൂന്നാം സ്ഥാനം സംസ്ഥാന സു-മ്യൂസിയം വകുപ്പും നേടി.
ഇ-ലേണിംഗ് വിഭാഗത്തിലെ ഒന്നാം സ്ഥാനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജും കാലിക്കറ്റ് സർവകലാശാലയുടെ ഇ.എം.എം.ആർ.സിയും പങ്കിട്ടു. സെന്റ് കോളേജ് ഇരിഞ്ഞാലക്കുടയും സംസ്ഥാന മലയാളം മിഷനും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയും തൃശൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജും ഈ ഭാഗത്തിലെ മൂന്നാം സ്ഥാനം പങ്കിട്ടു.
കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ വെബ്സൈറ്റാണ് ഏറ്റവും നല്ല വെബ്സൈറ്റായി തെരഞ്ഞെടുത്തത്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെയും സംസ്ഥാന പോലീസിന്റെയും വെബ് സൈറ്റുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. കുടുംബശ്രീയുടെ വെബ്സൈറ്റാണ് മൂന്നാം സ്ഥാനത്തിനർഹമായത്.
സി. സരിത നേതൃത്വം കൊടുക്കുന്ന കോഴിക്കോട് പുഷ്പാ ജംഗ്ഷൻ അക്ഷയ സെന്ററാണ് സംസ്ഥാനത്തിലെ ഏറ്റവും നല്ല അക്ഷയ സെന്റർ ആയി തെരഞ്ഞെടുത്തത്. ശ്രേയ ശ്രീകുമാർ നേതൃത്വം നൽകുന്ന കോട്ടയം കുരിശുമുട്ടം അക്ഷയ സെന്റർ രണ്ടാം സ്ഥാനവും സിനി ജോർജ് നേതൃത്വം നൽകുന്ന എറണാകുളം ആലിൻ ചുവട് അക്ഷയ കേന്ദ്രം മൂന്നാം സ്ഥാനവും നേടി.
പുതുതായി ഏർപ്പെടുത്തിയ സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാരം മൂന്ന് സ്ഥാപനങ്ങൾക്ക് ലഭിച്ചു. ഫാർമേഴ്‌സ് ഫ്രഷസോൺ പ്രൈവറ്റ് ലിമിറ്റഡിന് ഒന്നാം സ്ഥാനവും ബി.പി.എം പവർ പ്രൈവറ്റ് ലിമിറ്റഡിന് രണ്ടാം സ്ഥാനവും ടെസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് മൂന്നാം സ്ഥാനവും നേടി.
കോഴിക്കോട് ജില്ലാ ഭരണകൂടമാണ് ഏറ്റവും നല്ല ഈ ഗവേൺസ് ജില്ലയ്ക്കുള്ള പുരസ്‌കാരം നേടിയത്. വയനാട് ജില്ലാ രണ്ടാം സ്ഥാനം നേടി.
സാമൂഹിക മാധ്യമം ഭരണനിർവഹണത്തിനു ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഒന്നാം സ്ഥാനം നേടി. കേരള പോലീസ് രണ്ടാം സ്ഥാനവും മലബാർ കാൻസർ സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇ ആരോഗ്യം ഇ മെഡിസിൻ വിഭാഗത്തിലെ ഒന്നാം സ്ഥാനം കോഴിക്കോട് ജില്ലാ ഭരണകൂടവും രണ്ടാം സ്ഥാനം സംസ്ഥാന ഹോമിയോപ്പതി വകുപ്പും നേടി.
കോഴിക്കോട് ജില്ലാ ഭരണകൂടമാണ് പുതുതായി ഏർപ്പെടുത്തിയ കോവിഡ് പാൻഡമിക് മാനേജ്മെന്റ് ഇന്നോവേഷൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായത്. മലബാർ കാൻസർ സെന്ററും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ഈ വിഭാഗത്തിലെ മൂന്നാം സ്ഥാനം കൊച്ചി മെട്രോക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിനും ലഭിച്ചു.
മുൻ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാസുന്ദർരാജൻ ചെയർപേഴ്‌സൺ ആയുള്ള ജൂറിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. സെബാസ്റ്റ്യൻ പോൾ, ഐ.ടി. സെക്രട്ടറി, ഐ.ടി. മിഷൻ ഡയറക്ടർ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ഷെർളി, കേരള സർവകലാശാല പ്രൊഫസർ ഡോക്ടർ മീനപിള്ള, നാസ്കോം പ്രതിനിധി സുജിത്ത് ഉണ്ണി, ഐ. എം. ജി. പ്രൊഫസർ ഡോ. എസ്. സജീവ് എന്നിവർ ജൂറി അംഗങ്ങൾ ആയിരുന്നു. 2018ലെ അവാർഡുകളും ഇതോടൊപ്പം വിതരണം ചെയ്യും.
സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി
പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കിൽ ഡേ പദ്ധതിക്കു തുടക്കമായി. സംസ്ഥാനത്തെ എല്ലാ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലും എൻ.എസ്.ക്യൂ.എഫ് കോഴ്‌സുകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ, കോഴ്സിനെ സംബന്ധിച്ച ഉപരി പഠന /തൊഴിൽ സാധ്യതകൾ, പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ദിനമാണ് ‘സ്‌കിൽ ഡേ‘. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മണക്കാട് ഗവ. ഗേൾസ് വി.എച്ച്.എസ്. സ്‌കൂളിൽ നിർവഹിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വികസനത്തെ ത്വരിതപ്പെടുത്തുവാൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ അവർ പഠിക്കുന്ന കോഴ്‌സുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ സേവനങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ എസ്. വിജയകുമാർ, ഡെപ്യൂട്ടി ഡയറക്ടറായ അനിൽകുമാർ ടി.വി., ഡോ. മിനി ഇ.ആർ., അസിസ്റ്റന്റ് ഡയറക്ടർ ചിത്ര ഒ.എസ്., പി.ടി.എ. പ്രസിഡന്റ് എം.മണികണ്ഠൻ, പ്രിൻസിപ്പൽ സജൻ. എസ്. ബെനിസൺ, എച്ച്.എം. ജോസ്.പി.ജെ., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ജോട്ടില ജോയ്സ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് കോർഡിനേറ്റർ എ.എം.റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
ക്വിസ് പ്രസ്സ് മത്സരം (ഡിസംബർ 2); സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8-ന്
അറിവാണ് ലഹരി എന്ന സന്ദേശമേകി സംസ്ഥാനത്തെ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്‌നോത്തരി മധ്യമേഖലാ മത്സരം ഡിസംബർ 2) കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നടക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു അധ്യക്ഷത വഹിക്കും. ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും ഫോട്ടോ പ്രദർശനവും രാവിലെ 9.30ന് ആരംഭിക്കും.
മത്സരത്തിനുവേണ്ടിയുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന് ആരംഭിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ള ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികളും, രജിസ്റ്റർ ചെയ്തവരും സ്‌കൂൾ/കോളജ് തിരിച്ചറിയൽ രേഖയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിൽ എത്തണം.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ടു പേരടങ്ങിയ എത്ര ടീമുകൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്കാണ് മധ്യമേഖലാ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളത്.
ഫൈനൽ മത്സര വിജയികൾക്ക് ഒരു ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 50,000 രൂപയാണ് രണ്ടാം സമ്മാനം. മികവു പുലർത്തി എത്തുന്ന മറ്റ് നാലു ടീമുകൾക്ക് 10,000 രൂപ വീതം നൽകും.
മേഖലാതല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 5,000 രൂപ. കൂടാതെ സർട്ടിഫിക്കറ്റുകളും നൽകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: www.keralamediaacademy.org, 9447225524, 9633214169.
ഇന്റർവ്യൂ മാറ്റി
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ 9ന് നടത്താനിരുന്ന അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ 15 ലേക്കു മാറ്റി.
വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പ്
നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദേശപ്രകാരം, വിദേശ മെഡിക്കൽ ബിരുദധാരികൾ, ഇനി മുതൽ അവരുടെ ഇന്റേൺഷിപ്പ് കമ്മീഷൻ അംഗീകരിച്ച മെഡിക്കൽ കോളജുകളിൽ നടത്തണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളതാണ്. അതു പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്കായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും 2020 ജനുവരി ഒന്നു മുതൽ 2022 നവംബർ 30 വരെയുള്ള കാലയളവിൽ താല്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടി ഇതുവരെ ഇന്റേൺഷിപ്പ് തുടങ്ങാത്തവരുടെയും, ഇപ്പോൾ ഇന്റേൺഷിപ്പ് ചെയ്തു വരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളുടെയും, സമാന സ്വഭാവമുള്ളവരുടേയും വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടിക കൗൺസിൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പട്ടികയിൽ ഉൾപ്പെട്ട ഇന്റേൺഷിപ്പ് തുടങ്ങാത്തവരും, ഇപ്പോൾ വിവിധ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് തുടർന്നു വരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളും അവരുടെ ഇന്റേൺഷിപ്പിന്റെ തൽസ്ഥിതി അടിയന്തിരമായി ഡിസംബർ 07 നകം കൗൺസിൽ നൽകിയിട്ടുള്ള ഗൂഗിൽ ഫോമിൽ വെബ്സൈറ്റ് മുഖേന സമർപ്പിക്കണം. താത്കാലിക രജിസ്ട്രേഷന് അപേക്ഷ നൽകി, നാളിതുവരെ താത്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും ഗൂഗിൾ ഫോമിലൂടെ തൽസ്ഥിതി രേഖപ്പെടുത്തണം.
വെബ്സെറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പട്ടികയിൽ എന്തെങ്കിലും പരാതികൾ ഉള്ള പക്ഷം, മേൽ തീയതിയ്ക്ക് മുൻപ് തന്നെ കൗൺസിലുമായി ബന്ധപ്പെടേണ്ടതും, ആയത് പരിഹരിച്ച് ഗൂഗിൾ ഫോം പൂർത്തീകരിച്ച് വെബ്സൈറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്. ഇതിനായി കൗൺസിലിന്റെ ഇ-മെയിൽ ([email protected]) സംവിധാനം ഉപയോഗപ്പെടുത്താവുന്നതും, സംശയ നിവാരണം നേടാം. ഡിസംബർ 7ന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ വെബ് സൈറ്റ് സന്ദർശിക്കുക (www.medicalcouncil.kerala.gov.in).
റോഡ് നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി
സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ സജ്ജമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് വാഹനങ്ങളിലാണ് ലാബ് ഒരുക്കി പരിശോധനകൾക്കായി പുറത്തിറക്കുക. മിന്നൽ പരിശോധനകൾ നടത്തി നിർമാണപ്രവൃത്തികളിലെ പ്രശ്നങ്ങൾ അതത് സമയത്ത് കണ്ടെത്താനും നടപടി സ്വീകരിക്കാനും ഈ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം സഹായകമാകും. പൊതുമരാമത്ത് പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഗുണനിലവാര പരിശോധനാ വിഭാഗത്തിന്റെ പ്രവർത്തനം ഇതോടെ കൂടുതൽ കാര്യക്ഷമമാകുമെന്ന് മന്ത്രി പറഞ്ഞു. ക്രമേണ കൂടുതൽ ലാബുകൾ സജ്ജമാക്കാൻ സാധിക്കും.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പദ്ധതികൾക്കായി വകയിരുത്തുന്ന തുക മുഴുവൻ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും മൊബൈൽ ലാബുകൾ വഴി സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാനും ഇത് ഫലപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ ഗുണനിലവാരവും ഈടും ഉറപ്പുവരുത്തുന്നതിനുള്ള റണ്ണിംഗ് കോൺട്രാക്ട് രീതി ഫലപ്രദമായി നടപ്പക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ലൈബ്രേറിയനെ താൽക്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ). യോഗ്യത SSLC, CLISc or Degree in Library & Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് എഴുതാനും വായിക്കാനും അറിയുകയോ വേണം. പ്രായപരിധി 18-36. ഒഴിവുകളുടെ എണ്ണം ഒന്ന്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം ഡിസംബർ എട്ടിനു രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം.
സ്‌കൂൾ കായികമേള ഹൈടെക്കാക്കി കൈറ്റ്
* കൈറ്റ് വിക്ടേഴ്‌സിൽ ലൈവും
നാളെ (ഡിസംബർ 3) ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മുഴുവൻ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി. ഈ വർഷം മുതൽ www.sports.kite.kerala.gov.in വഴി 38 മത്സര ഇനങ്ങൾ സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങൾ പൂർണമായും ഓൺലൈനായാണ് നടത്തുന്നത്. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോർഡുകളും ഈ പോർട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി (സ്‌കൂൾ സ്‌പോർട്‌സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ) ഈ വർഷം പുതുതായി നിലവിൽ വരുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
കൈറ്റ് വിക്ടേഴ്‌സിൽ ലൈവ്
കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വർഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബർ 3-ന് രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്ക് 1 മുതൽ 5 വരെയും ഡിസംബർ 4-ന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 4.10 മുതൽ രാത്രി 8.30 വരെയും കൈറ്റ് വിക്ടേഴ്‌സിൽ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 6.30 മുതൽ 12 വരെയും വൈകുന്നേരം 3.20 മുതൽ 8.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 6.30 മുതൽ വൈകുന്നേരം 4.30 വരെയും ലൈവുണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും ലൈവായി കാണാം.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ്
വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെയെല്ലാം ചേർത്ത് വടുക എന്ന് നാമകരണം ചെയ്തു സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശയിൻമേൽ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഡിസംബർ 12ന് രാവിലെ 11നു പാലക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പൊതു തെളിവെടുപ്പ് നടത്തും. സമുദായ അംഗങ്ങൾക്കും സമുദായ സംഘടന പ്രവർത്തകർക്കും പൊതുജനങ്ങൾക്കും തെളിവെടുപ്പിൽ പങ്കെടുക്കാം.
ബി.ഫാം ലാറ്ററൽ എൻട്രി സ്‌പോട്ട് അലോട്ട്‌മെന്റ്
2021-22 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് (Spot Allotment) ഡിസംബർ ഏഴിനു രാവിലെ 11 ന് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നടത്തും.
കേരള പ്രവേശനപരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുക.
അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥി അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടേണ്ടാതാണ്. അല്ലാത്തപക്ഷം പ്രസ്തുത അല്ലോട്ട്‌മെന്റ് റദ്ദാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.dme.kerala.gov.in.