
konnivartha.com : പുലിയുടെ അക്രമം ഉണ്ടായത് സംബന്ധിച്ചു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമ സഭയിൽ ചോദ്യത്തിലൂടെ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
ഇന്ന് വെളുപ്പിനെ കൂടൽ ഇഞ്ചപ്പാറയിൽ ടാപ്പിംഗ് തൊഴിലാളി വിജയനെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ 6 ദിവസമായി കലഞ്ഞൂർ പഞ്ചായത്തിലെ 3,4,5,10,11 വാർഡുകളിൽ പുലിയുടെ സാന്നിധ്യം മൂലം ജനങ്ങൾ ഭീതിയിലാണ്. മുറിഞ്ഞകൽ അതിരുങ്കൽ ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി പുന്നമൂട്, പാങ്ങോട്, പത്തെക്കർ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയെ ജനങ്ങൾ കണ്ടിരുന്നു.
വനം വകുപ്പ് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി കൂട് സ്ഥാപിക്കുകയും ഒപ്പം പ്രദേശത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രവർത്തനങ്ങളും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എം എൽ എ നിയമ സഭയിൽ ആവശ്യപ്പെട്ടു.
ചോദ്യത്തിനു മറുപടിയായി പ്രദേശത്തെ സാഹചര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.പ്രദേശത്തെ സവിശേഷ സാഹചര്യം വിലയിരുത്തി ആവശ്യമാണെങ്കിൽ വെടി വയ്ക്കുന്നതും മയക്കു വെടി വയ്ക്കുന്നതും, കൂട് വയ്ക്കുന്നതും പരിശോധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ അടിയന്തിരമായി അനുമതി ഇല്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.