Trending Now

മിയവാക്കി മാതൃകയിലുള്ള സ്വാഭാവിക വനങ്ങള്‍ ആവശ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Spread the love

പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുവാന്‍ മിയവാക്കി മാതൃകയിലുള്ള സ്വാഭാവിക വനങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

 

വനം വകുപ്പിന്റെ പത്തനംതിട്ട സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഇലന്തൂര്‍ ഗവ. വിഎച്ച്എസ്എസില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവിക വനങ്ങളില്‍ 30 വര്‍ഷം കൊണ്ട് ഉണ്ടാവുന്ന മാറ്റങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിദ്യാവനത്തില്‍ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

വിദ്യാവനം പദ്ധതിഒരു മീറ്റര്‍ സ്‌ക്വയര്‍ ഭൂമിയില്‍ അഞ്ചു മരം എന്ന കണക്കില്‍ ഇടതൂര്‍ന്ന  രീതിയിലാണ് മരങ്ങള്‍ നടുന്നത്. ഇതില്‍ ഒരു വന്‍മരം, രണ്ട് ചെറുമരം, രണ്ട് കുറ്റിച്ചെടി എന്നിവ ഉള്‍പ്പെടും. നടുന്നതിനു മുമ്പ് ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റിയതിനു ശേഷം മേല്‍മണ്ണുമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ്, കുമ്മായം ഇവ കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ നടുന്ന മരങ്ങള്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ണമായും സ്വയം പര്യാപ്തമായി കഴിഞ്ഞ് ഒരു ചെറു വനമായി മാറും. വിദ്യാ വനത്തില്‍ അഞ്ചു സെന്റില്‍ 115 ല്‍ പരം സ്പീഷീസില്‍ ഉള്ള നാനൂറ്റി മുപ്പത് തൈകളാണ് നടുന്നത്.

 

എല്ലാം തദ്ദേശീയമായ സ്പീഷീസുകളാണ്. പക്ഷികളെയും ഷഡ്പദങ്ങളെയും ആകര്‍ഷിക്കുന്നതിനും കാര്‍ബണ്‍ കുറയ്ക്കുന്നതിനും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ  സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ് വിദ്യാവനം. ഓരോ മരത്തിന്റെയും സമ്പൂര്‍ണ വിവരങ്ങള്‍ ക്യൂ ആര്‍ കോഡില്‍ ലഭിക്കും.  പ്രോജക്ടുകള്‍ തയാറാക്കുന്നതിനും ശാസ്ത്രീയ പഠനത്തിനും വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാണ്.

 

ചടങ്ങില്‍ ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍  സി.കെ. ഹാബി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇന്ദിര, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സെലീന, റെയ്ഞ്ച് ഓഫീസര്‍ എ.എസ്. അശോക്, പിടിഎ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!