
പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചുകടന്ന് ഉറങ്ങിക്കിടന്ന അറുപത്തിയഞ്ചുകാരിയെ കടന്നുപിടിച്ച പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാരായകേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ വടശ്ശേരിക്കര മണിയാർ അരീയ്ക്കക്കാവ് ചരിവുകാലായിൽ
വീട്ടിൽ പൂക്കുഞ്ഞിന്റെ മകൻ രഘു എന്ന് വിളിക്കുന്ന ബഷീർ (51) ആണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ മൂന്നര കഴിഞ്ഞാണ് മണിയാർ ഹൈസ്കൂളിന് സമീപത്തുള്ള വീടിന്റെ അടുക്കളവാതിലിലൂടെ ഇയാൾ അതിക്രമിച്ചുകടന്ന്, കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന വയോധികയുടെ കാലിൽ കയറിപ്പിടിച്ചത്. അടിവസ്ത്രം മാത്രം ധരിച്ചാണ് ഇയാൾ
വീട്ടിനുള്ളിൽ കടന്നത്. വീട്ടമ്മ ഞെട്ടിയുണർന്ന് ബഹളം കൂട്ടിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
മനസാന്നിധ്യം വീണ്ടെടുത്ത അവർ ഉടൻ തന്നെ പെരുനാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നിർദേശപ്രകാരം, എസ് സി പി ഓ സുഷമ
കൊച്ചുമ്മൻ വീട്ടിലെത്തി സ്ത്രീയുടെ മൊഴിരേഖപ്പെടുത്തി.
തുടർന്ന്, എസ് ഐ റെജി തോമസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു. വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.
ദേഹോപദ്രവം ഏൽപ്പിക്കലിന് പെരുനാട് സ്റ്റേഷനിൽ 2019 ലെടുത്ത കേസിൽ ഉൾപ്പെടെ പ്രതിയാണ് ബഷീർ. ഭാര്യയെ ഉപേക്ഷിച്ചശേഷം വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.