
konnivartha.com : വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പിറവന്തൂർ കുറുമ്പകരവീട്ടിൽ ശുഭ (33), ആലപ്പുഴ രാമൻകരി മഠത്തിൽ പറമ്പിൽ അന്നമ്മ ജോസഫ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോന്നി സ്വദേശി സജി മാത്യുവിന്റെ പരാതിയിലാണ് പിടിയിലായത്. കോടികൾ തട്ടിയെന്ന പരാതിയിൽ കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റ് ചെയ്ത മാങ്കോട് മുള്ളൂർനിരപ്പ് പാറക്കടവിൽ പി.ജി.അനീഷിന്റെ (35) ഭാര്യയാണ് ശുഭ. ശുഭയുടെ സുഹൃത്താണ് അന്നമ്മ ജോസഫ്.
കഴിഞ്ഞ ദിവസം കോന്നിയിൽ എത്തിയ ഇവരെ പൊലീസ് മാരൂർപാലം ഭാഗത്തു നിന്നാണ് പിടികൂടിയത്.പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്ത അനീഷ് റിമാൻഡിലായിരുന്നു.തുടർന്ന് കോടതിയിൽ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയെങ്കിലും കോന്നി പൊലീസ് സ്റ്റേഷനിൽ അടക്കം ഒപ്പിടാൻ എത്തുമായിരുന്നു.
സംശയം തോന്നി പൊലീസ് ഇയാളുടെ പിന്നാലെയെത്തിയാണ് മറ്റുള്ളവരെ കണ്ടെത്തിയത്. കോന്നി സ്വദേശിയിൽ നിന്ന് 30 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ജോലി ലഭ്യമാക്കുന്നതിന്റെ ആവശ്യത്തിനായി ഇദ്ദേഹം അനീഷിനു നൽകിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഈ സംഘത്തിനെതിരെ പരാതിയുണ്ട്.