
konnivartha.com : വീട്ടുടമ നോക്കി നിൽക്കേ വളർത്തുനായയെ പുലി പിടിച്ചു കൊണ്ട് പോയി .രണ്ടു ദിവസം മുമ്പാണ് രാത്രി പന്ത്രണ്ട് മണിയോടെ പൂച്ചക്കുളം അനില ഭവൻ അനിൽ കുമാറിന്‍റെ താമസ സ്ഥലത്ത് നിന്നും വളർത്തുനായയെ പുലി പിടിച്ച് കൊണ്ട് പോയത്.
അനിൽ കുമാർ കിടന്നുറങ്ങിയ കട്ടിലിന് തൊട്ടടുത്ത് നിന്നായിരുന്നു പുലി നായയെ പിടികൂടിയത്. നായയെ കടിച്ച് എടുത്ത് എന്നും മുറ്റത്ത് വെച്ച് നായുമായി പുലി മൽപ്പിടുത്തം ഉണ്ടായെന്നും ഇവിടെ നിന്നും കടിച്ചെടുത്തു തോട്ടത്തിലേക്ക് പോയെന്നും അനിൽ പറഞ്ഞു.
തൻ്റെ കൺമുന്നിൽ മുറ്റത്ത് പട്ടിയെ വലിച്ചിഴക്കുന്നതിനിടയിൽ മണ്ണിലും,പാറയിലും പുലിയുടെ നഖം ഉരച്ചതിൻ്റെ അടയാളവും ഉണ്ടാക്കിയെന്നും തൻ്റെ അഞ്ചോളം വളർത്തു നായയെ ഇതുവരെ പുലി പിടിച്ചുവെന്നും, വനം വകുപ്പ് കൂട് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു . ഒരു വര്‍ഷം മുൻപ് അനിൽ കുമാർ ഇവിടെ നിന്നും അര കിലോമീറ്റർ അകലെയുള്ള വീട്ടിൽ ആയിരുന്നുതാമസം.അവിടെ നിന്നും പലപ്പോഴായി പുലി എത്തി വളർത്തു നായകളെ പിടിച്ചിരുന്നു. തുടർന്നാണ് ഇവിടെ വീട്ടിലേക്ക് മാറിയത്.
ഇന്നലെ വൈകുന്നേരത്തോടെയും പുതുപ്പറമ്പിൽ വിജിൻ്റെ വീടിന് സമീപത്തും പുലി എത്തിയിരുന്നു. വൈകുന്നേരം ഏഴരയോടെയാണ് എത്തിയത്. പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെയാണ് പുലി ഇതിനോടകം പിടികൂടിയത്.
വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലി പ്രവർത്തിക്കുന്നില്ല എന്നും പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നും, മനുഷ്യൻ്റെ ജീവൻ നഷ്ടപ്പെട്ട ശേഷം കൂട് സ്ഥാപിക്കാൻ ആരും വരണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.