പത്തനംതിട്ട : സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 30/12/2022)

Spread the love

മകരവിളക്ക് തീര്‍ഥാടനം: യോഗം മൂന്നിന്
ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

സംയോജിത വിളവെടുപ്പാനന്തര പരിപാലനം: സംരംഭകര്‍ക്ക് ധനസഹായം
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം നല്‍കുന്നു.
സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകള്‍ വായ്പാ ബന്ധിതമായാണ് നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കും.

വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്റ്റേര്‍ഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ (25 അംഗങ്ങളുള്ള) തുടങ്ങിയവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്.
പായ്ക്ക്ഹൗസുകള്‍ സ്ഥാപിക്കുന്നതിന് (9 മീറ്റര്‍ x 6 മീറ്റര്‍) രണ്ടു ലക്ഷം രൂപയും, കണ്‍വെയര്‍ ബെല്‍റ്റ്, തരംതിരിക്കല്‍, ഗ്രേഡിംഗ്, കഴുകല്‍, ഉണക്കല്‍ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് (9 മീറ്റര്‍ x 18 മീറ്റര്‍) സമതല പ്രദേശങ്ങളില്‍ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയും, പ്രീ-കൂളിംഗ് യൂണിറ്റുകള്‍ക്ക് (6 മെട്രിക് ടണ്‍) സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികള്‍ക്ക് (30 മെട്രിക് ടണ്‍) യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും, പരമാവധി 5000 മെട്രിക് എന്ന പരിധിയ്ക്ക് വിധേയമായി കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 1) സമതല പ്രദേശങ്ങളില്‍   2800 രൂപ/മെട്രിക് ടണും, മലയോര പ്രദേശങ്ങളില്‍ 4000 രൂപ/മെട്രിക് ടണും, കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 2) സമതല പ്രദേശങ്ങളില്‍ 3500 രൂപ/മെട്രിക് ടണും, മലയോര പ്രദേശങ്ങളില്‍ 5000 രൂപ/മെട്രിക് ടണും ധനസഹായം നല്‍കും.

റീഫര്‍ വാനുകള്‍ക്കായ് (26 മെ.ടണ്‍) സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13 ലക്ഷം രൂപയും റൈപ്പനിംഗ് ചേമ്പറിന് സമതല പ്രദേശങ്ങളില്‍ 35000 രൂപ/മെ.ടണ്‍, മലയോരപ്രദേശങ്ങളില്‍ 50,000 രൂപ /മെ.ടണ്‍, പ്രൈമറി/ മൊബൈല്‍/ മിനിമല്‍ പ്രോസസിംഗ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 10 ലക്ഷം രൂപയും മലയോരപ്രദേശങ്ങളില്‍ 13.75 ലക്ഷം രൂപയും പുതിയ പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപയും നിലവിലുള്ള പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 50,000 രൂപയും ധനസഹായം നല്‍കും.

വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ  വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും (35%) മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും (50%), പഴം/പച്ചക്കറി ഉന്ത് വണ്ടികള്‍ക്ക് 15000 രൂപയും (50%), ശേഖരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 6 ലക്ഷം രൂപയും (40%) മലയോര പ്രദേശങ്ങളില്‍ (50%) 8.25 ലക്ഷം രൂപയും ധനസഹായം നല്‍കും.
കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നഴ്സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും (50%) കൂണ്‍ കൃഷിയ്ക്ക് 8 ലക്ഷം രൂപയും (40%) കൂണ്‍ വിത്തുത്പാദനത്തിന് 6 ലക്ഷം രൂപയും (40%) ധനസഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനുമായി ബന്ധപ്പെടണം.  വിലാസം: കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ , (എച്ച്) പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, പത്തനംതിട്ട
ഫോണ്‍ : 9446 960 187, 9383 470 503. വെബ്സൈറ്റ്: www.shm.kerala.gov.in

തൈ സൗജന്യവിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷ തൈ വിതരണം പദ്ധതി 2022-23 പ്രകാരം മുരിങ്ങ തൈ, കറിവേപ്പ് തൈ, ഡ്രാഗണ്‍ ഫ്രൂട്ട് തൈ എന്നിവ സൗജന്യമായും മാവിന്‍ തൈ ഗ്രാഫ്റ്റ് 300 എണ്ണം 20 രൂപ, ജാംബ 200 എണ്ണം (ലെയര്‍) 10 രൂപ നിരക്കിലും ഇന്ന് (ഡിസംബര്‍ 31) മുതല്‍ വിതരണം ചെയ്യും. കര്‍ഷകര്‍ കരം അടച്ച രസീതുമായി വന്ന് തൈകള്‍ കൈപ്പറ്റണമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍
റാന്നി പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഗോത്ര സാരഥി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും എന്നാല്‍ വളരെ നിരപ്പായ സ്ഥലങ്ങളില്‍ താമസിച്ച് വരുന്നതുമായ സ്‌കൂള്‍ തലത്തില്‍ പഠിക്കുന്നതും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ പട്ടികവര്‍ഗകുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളില്‍ നിന്നും വിതരണക്കാരില്‍ നിന്നും മുദ്ര വച്ച കവറില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി ആറിന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍ : 04735 227703.

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഇന്ന് (ഡിസംബര്‍  31) രാവിലെ 11 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോന്നി ശിശു വികസനപദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ച് പകല്‍ രണ്ട് വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോന്നി ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 8848688509,9188959672.

 

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി 2023 മാര്‍ച്ച് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപ്പൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി  നഷ്ടമായവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പ്പറഞ്ഞ ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം.

 

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ 2023 മാര്‍ച്ച് 31 വരെയുള്ള എല്ലാ പ്രവര്‍ത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും സ്വീകരിക്കും.  ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ  തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു
തോട്ടക്കോണം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് രണ്ട് ലക്ഷം രൂപയ്ക്കുള്ള സയന്‍സ് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി ആറ് രണ്ട് മണി വരെ. ഫോണ്‍: 9496654938. വിശദവിവരങ്ങള്‍ക്ക്: www.dhse.kerala.gov.in

അധ്യാപക ഒഴിവ്
തേക്കുതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി സീനിയര്‍ അധ്യാപകന്റെ ഒരു താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9446382834, 9745162834