
തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉൾപ്പെടുന്ന ഒൻപത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിർദ്ദേശം 19ന് ചേരുന്ന സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഈ പ്രദേശങ്ങൾ ഇക്കോ സെൻസിറ്റീവ് സോണിൽ വരുന്നില്ല. എന്നാൽ അവ പൂർണ്ണമായും സങ്കേതത്തിനകത്താണ്. സുപ്രീംകോടതിയിൽ നിലവിലുള്ള കേസുകളും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. 2012-ലെ മാനേജ്മെന്റ് പ്ലാനിൽ ഈ പ്രദേശത്തെ ഒഴിവാക്കുന്നതിനുള്ള നിർദ്ദേശം സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും യഥാസമയം നടപടിയുണ്ടാകാത്തതിനാൽ നാഷണൽ വൈൽഡ് വൈൽഡ് ലൈഫ് ബോർഡിന് സമർപ്പിച്ചിട്ടില്ല.
അന്ന് തന്നെ ഇത്തരം ഒരു നിർദ്ദേശം നാഷണൽ വൈൽഡ് ലൈഫ് ബോർഡിന് സമർപ്പിച്ചിരുന്നുവെങ്കിൽ ഇന്നത്തെക്കാൾ സുഗമമായി കാര്യങ്ങൾ നടക്കുമായിരുന്നെന്ന് യോഗം വിലയിരുത്തി. 1983-ലാണ് തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നത്. യോഗത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, ഡോ. മാത്യു കുഴൽനാടൻ, മറ്റ് ജനപ്രതിനിധികൾ, വനം വകുപ്പ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.