Trending Now

മകരജ്യോതി ദര്‍ശനം: വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി

Spread the love

കളക്ടറും പോലീസ് മേധാവിയും ഒരുക്കങ്ങള്‍ വിലയിരുത്തി

മകരജ്യോതി ദര്‍ശനം: വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി

ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ (വ്യൂ പോയിന്റ്‌സ്) സുരക്ഷ ഉറപ്പാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന കാഴ്ചയിടങ്ങള്‍ സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു കളക്ടര്‍. പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങളിലെ കാഴ്ചയിടങ്ങള്‍ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദര്‍ശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍പ് തന്നെ എല്ലായിടങ്ങളിലും സൂക്ഷ്മ പരിശോധന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ ഭക്തര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോള്‍ തിരക്ക് കൂട്ടാതെ സാവകാശം ഇറങ്ങി വരുവാനും ഉദ്യോഗസ്ഥന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
തിരക്ക് കൂടുതലായതിനാല്‍ തീര്‍ഥാടകര്‍ക്ക് വാഹന പാര്‍ക്കിങ്ങിന് അധിക സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനഞ്ചോളം പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ പത്തനംതിട്ട ജില്ലയില്‍ മാത്രമായി ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യത്തിന് പുറമേ ഇടത്താവളങ്ങളിലും മകരവിളക്കിനായി പ്രത്യേകം കണ്ടെത്തിയിട്ടുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അവിടെനിന്ന് മറ്റു വാഹനങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ കെഎസ്ആര്‍ടിസിയുടെ അധിക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തി.

തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും സന്നദ്ധ പ്രവര്‍ത്തകരും ഭക്തജനങ്ങളും സഹകരണത്തോടെ പ്രവര്‍ത്തിച്ച് മകരവിളക്ക് ഉത്സവം സുഗമവും മംഗളകരവുമായി തീര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതാ കുമാരി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍, പൊതുമരാമത്ത് നിരത്തുവിഭാഗം അസി. എന്‍ജിനിയര്‍ ഷാജി ജോണ്‍, റാന്നി ബ്ലോക്ക് തദ്ദേശ വകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സാം മാത്യു, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ സി.എം. ബേസില്‍, കൊല്ലമുള വില്ലേജ് ഓഫീസര്‍ സാജന്‍ ജോസഫ്, റാന്നി പെരുനാട് പഞ്ചായത്ത് സെക്രട്ടറി എല്‍. ലത, ദുരന്തനിവാരണ വകുപ്പ് ഹസാഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് തോമസ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!