Trending Now

റിപ്പബ്ലിക് ദിനത്തില്‍ അഗതി മന്ദിരത്തില്‍ അപ്രതീക്ഷിത അതിഥിയായി കോട്ടയം സോമരാജ്

Spread the love

 

konnivartha.com/അടൂര്‍ : റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടയിലേക്ക് കടന്നുവന്ന അപ്രതീക്ഷിത അതിഥിയെകണ്ട് മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസികള്‍ അമ്പരന്നു.

കോമഡി സ്റ്റാറിലും സിനിമയിലുമൊക്കെ സുപരിചിതമായ ആ മുഖം തിരിച്ചറിയാന്‍ ആര്‍ക്കും പ്രയാസമുണ്ടായില്ല.ചിലരൊക്കെ സോമുവെന്നും, ചിലര്‍ മറ്റുചിലര്‍ സോമരാജേട്ടായെന്നൊക്കെ ആര്‍ത്ത് വിളിച്ച് പ്രിയതാരത്തിന്റെ അരികിലേക്ക് ഓടിയെത്തി.യാതൊരു അകല്‍ച്ചയുമില്ലാതെ അദ്ദേഹം അവരെ ചേര്‍ത്തു പിടിച്ചു. ചുംബനം നല്‍കി.

കേരളത്തില്‍ ഗായകരുടെ കൂട്ടായ്മയായ ‘മൗരി വോയ്‌സ് ‘ എന്ന വാട്ട്‌സാപ്പ് സംഘടന റിപ്പബ്ലിക്ക് ദിനത്തില്‍ മഹാത്മയിലെ അന്തേവാസികള്‍ക്കായി ‘നിവേദ്യം’ എന്ന പേരില്‍ ഗാനമേള അവതരിപ്പിക്കുന്ന സമയത്തായിരുന്നു ഗ്രൂപ്പംഗം കൂടിയായ ചലച്ചിത്ര താരം കോട്ടയം സോമരാജിന്റെ രംഗപ്രവേശം.സംഘാടകര്‍കൂടി അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ വരവ്.

കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കുളള യാത്രയ്ക്കിടയിലാണ് ഇവിടെ തന്റെ സുഹൃത്തുക്കളുടെ പ്രോഗ്രാമുളളതറിഞ്ഞത്.തുടര്‍ന്ന് കുടുംബമായി അഗതി മന്ദിരത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും അന്തേവാസികള്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കുകയും ഏറെനേരം ചടങ്ങില്‍ പങ്കാളികളാവുകയും ചെയ്തു.

ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞിട്ടുളള തനിക്ക് ഈ സദസ്സ് നൊമ്പരമാണെന്നും, അറിഞ്ഞ് കൊണ്ട് ആരെയും ഒറ്റപ്പെടുത്തരുതെന്നും ഗദ്ഗദത്തോടെ സോമരാജ് പറഞ്ഞു.പിന്നണിഗായകരായ പ്രസാദ് കളമശ്ശേരിയുടേയും അനി കായംകുളത്തിന്റെയും നേതൃത്വത്തില്‍ അമ്പതോളം കലാപ്രവര്‍ത്തകരാണ് ചടങ്ങില്‍ പങ്കെടുത്തത്. മഹാത്മയിലെ അന്തേവാസികള്‍ക്കായി സംഘടനയുടെ വക അന്നദാനവും നടത്തിയാണ് ഇവര്‍ മടങ്ങിയത്.

error: Content is protected !!