Trending Now

യുവാവിനെ തട്ടിക്കൊണ്ടുവന്ന് റസ്റ്റ്‌ ഹൗസിൽ വച്ച് മർദ്ദനം : 3 പ്രതികളെ പിടികൂടി അടൂർ പോലീസ്

Spread the love

കൊച്ചിയിൽ നിന്നും തട്ടിക്കൊണ്ടുവന്ന് യുവാവിനെ അടൂർ പൊതുമരാമത്ത് റസ്റ്റ്‌ ഹൗസിൽ
മർദ്ദിച്ചവശനാക്കിയ കേസിൽ 3 പേരെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ അടൂർ പോലീസ് പിടികൂടി.

കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊല്ലം കുണ്ടറ മുളവന ലാ ഒപ്പേറ ഡെയിലിൽ തങ്കച്ചന്റെ മകൻ പ്രതീഷ്, ആറ്റിങ്ങൽ തച്ചൂർകുന്ന് ആസിഫ് മൻസിലിൽ ഹുസൈന്റെ മകൻ അക്ബർ ഷാൻ, അടൂർ മണക്കാല ചരുവിള പുത്തൻ വീട്ടിൽ ജനാർദ്ധനന്റെ മകൻ വിഷ്ണു എന്നിവരെയാണ് അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

 

ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പോലീസ്  ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.ക്രൂരമായമർദ്ദനത്തിൽ പരിക്കേറ്റ ലെബിൻ വർഗീസിനെ കോട്ടയം മെഡിക്കൽ കോളേജ്
ആശുപത്രിയിലും തുടർന്ന് അവിടുത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ ലഭ്യമാക്കി.

കൊച്ചിൻ ഇൻഫോ പാർക്ക്‌ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ അടൂരിലേക്ക് യുവാവിനെ തട്ടികൊണ്ടുവന്നതായി കണ്ടെത്തി. തുടർന്ന്, തൃക്കാക്കര എ സി പി അടൂർ ഡി വൈ എസ് പിക്ക് കൈമാറിയ വിവരം, അറിയിച്ചതനുസരിച്ച് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചടുല നീക്കത്തിലാണ് വൈകിട്ടോടെ റസ്റ്റ്‌ ഹൗസിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കാനായത്.

ഭാര്യയുമൊത്ത് കാറിൽ സഞ്ചരിച്ചുവന്ന ലെബിനെ ഇൻഫോ പാർക്കിന് അടുത്തുവച്ച് ആക്രമിച്ച് ,ഭാര്യയെ വഴിയിൽ ഇറക്കിവിട്ടശേഷം അതേ കാറിൽ പ്രതികൾ തട്ടിക്കൊണ്ടുവരികയായിരുന്നു. യുവാവിന്റെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത ഇൻഫോ പാർക്ക് പോലീസ്, ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അടൂരിൽ ഇവരുണ്ടെന്ന്
തിരിച്ചറിഞ്ഞു. വിവരമറിഞ്ഞ അടൂർ പോലീസ് നഗരത്തിലെ മുഴുവൻ ഹോട്ടലുകളും ലോഡ്ജുകളും ഒഴിഞ്ഞ ഗ്രൗണ്ടുകളും വാടകവീടുകളും അരിച്ചുപെറുക്കി. പോലീസ് സംഘത്തിന് തോന്നിയ ചെറിയ സംശയമാണ് റസ്റ്റ്‌ ഹൗസിൽ എത്തി പ്രതികളെ കുടുക്കാൻ കാരണമായത്. ഇവിടെ കാർ കണ്ടെത്തുകയും, മൂന്ന് പ്രതികളെ സാഹസികമായി കീഴടക്കുകയും ചെയ്തു.

ഇന്നലെ രാത്രിയോടെ ഇൻഫോ പാർക്ക് പോലീസിന് ഇവരെ കൈമാറി. അടൂർ സ്വദേശികളായ അശ്വിൻ പിള്ള, ഗോകുൽ എന്നിവർ കൂടി സംഘത്തിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. കാർ അടൂർ പോലീസ് പിടിച്ചെടുത്തു. വിഷ്ണുവിന്റെ സുഹൃത്തിന്റെ കാർ വാടകയ്ക്ക് ലെബിൻ എടുത്തശേഷം തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ തട്ടിക്കൊണ്ടുവന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു. ഇന്ന് കൊച്ചി ഇൻഫോ പാർക്ക് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അടൂർ പോലീസ് സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, റോബി ഐസക്, നിസാർ എം എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!