Trending Now

വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ മദ്യലഹരിയില്‍ ബഹളം:ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു: രണ്ടു നേതാക്കള്‍ അറസ്റ്റില്‍

Spread the love

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതിന്റെ പേരില്‍ മദ്യലഹരിയില്‍ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ടു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ രജിത്ത്, സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും പെരുനാട് സ്വദേശിയുമായ സതീശന്‍ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പിട്ട് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിനോടെയാണ് കേസിനാസ്പദമായ സംഭവം. പാര്‍ട്ടിയുടെ കമ്മറ്റി കഴിഞ്ഞ് തുലാപ്പള്ളിയില്‍ നിന്നും ടാക്‌സി വാഹനത്തിലാണ് ഏതാനും സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം രജിത്തും സതീശനും വന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. ശബരിമല പാതയില്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ ചെക്ക് പോസ്റ്റില്‍ വച്ച് വാഹനം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിസാമുദ്ദീന്‍, ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. രാത്രികാലത്ത് വന്ന വാഹനമായതിനാല്‍ തടഞ്ഞ് പരിശോധിക്കുക എന്നത് ഇവരുടെ ഡ്യൂട്ടിയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോ ഡ്രൈവര്‍ വാഹനം തുറന്നു കൊടുത്ത് പരിശോധനയുമായി സഹകരിച്ചു.

പ്രതികള്‍ ഒഴികെ വാഹനത്തിലുണ്ടായിരുന്ന മറ്റുളളവരും കുഴപ്പമുണ്ടാക്കിയില്ല. എന്നാല്‍ പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് ബീറ്റ് ഫോറസ്റ്റര്‍മാരെ തെറി വിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതിന് ശേഷം ഇവരെ അട്ടത്തോട്ടില്‍ ഇറക്കി ഡ്രൈവര്‍ മടങ്ങുകയും ചെയ്തു. ഞായറാഴ്ച രാവിലെ വനംവകുപ്പ് ജീവനക്കാര്‍ പമ്പ സ്‌റ്റേഷനില്‍ കൈയേറ്റ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. തുടര്‍ന്ന് ഇവരുടെ മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വൈകുന്നേരത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

error: Content is protected !!