
പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര അച്ചടക്കലംഘനം നടത്തിയ മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു .രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്ഡിസിസി ഓഫിസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണു സസ്പെൻഷൻ. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എ ഗ്രൂപ്പ് യോഗത്തിൽനിന്ന് മുൻ ഡിസിസി പ്രസിഡന്റുമാരായ ബാബു ജോർജ്, ഡി. മോഹൻരാജ് തുടങ്ങിയവർ ഇറങ്ങിപ്പോയിരുന്നു. മാറ്റിനിർത്തിയവരെയും പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. നേതൃത്വം ഈ ആവശ്യം തള്ളിയതോടെയാണ് രൂക്ഷമായി സംസാരിച്ചശേഷം ഇവർ ഇറങ്ങിപ്പോയത്. പിന്നീട് ബാബു ജോർജ് തിരിച്ചെത്തിയ ശേഷമാണ് യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറന്നത്.
പൊതുജനമദ്ധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ സംഭവത്തെ കുറിച്ചുള്ള വീഡിയോകളും പത്ര-ദൃശ്യമാധ്യമ റിപ്പോർട്ടുകളും വിശദമായി പരിശോധിച്ചപ്പോൾ ഗുരുതരമായ അച്ചടക്കലംഘനം നടന്നതായി കെപിസിസിക്ക് ബോധ്യപ്പെട്ടു. സംഘടനാ മര്യാദകൾക്ക് നിരക്കാത്ത തെറ്റായ പ്രവർത്തനങ്ങളുണ്ടായതായി ബോദ്ധ്യപ്പെട്ടതിന്റെയും, അച്ചടക്ക നടപടി ആവശ്യമാണെന്ന ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്നും ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.