Trending Now

നെൽകൃഷി വ്യാപകമാക്കാൻ കർഷകരും തദ്ദേശ സ്ഥാപനങ്ങളും കൈകോർക്കണം : മന്ത്രി ജി ആർ അനിൽ

Spread the love

 

konnivartha.com/ നെടുമങ്ങാട് : സംസ്ഥാനത്ത് നെൽകൃഷി വ്യാപകമാക്കി അരിയുല്പാദനം വർദ്ധിപ്പിക്കാൻ കർഷകരും തദ്ദേശ സ്ഥാപനങ്ങളും കൈകോർക്കണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജിആർ അനിൽ പറഞ്ഞു. കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോട് തോപ്പ് നിവാസികളുടെ സ്നേഹാദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉല്പാദിപ്പിക്കുന്ന നെല്ല് മുഴുവൻ സപ്ലെകോ മുഖേനെ സർക്കാർ ഏറ്റെടുക്കും. ഇപ്പോൾ റേഷൻ കടകളിൽ വിതരണം ചെയ്യുന്ന ചമ്പാവരി കേരളത്തിലെ നെൽക്കർഷകരിൽ നിന്ന് സർക്കാർ
ഏറ്റെടുത്തതാണ്. ഇതര സംസ്ഥാനങ്ങളിൽ പൊതുവിതരണ സമ്പ്രദായമാകെ താറുമാറായ അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ എത്തിയപ്പോൾ അവിടത്തെ ഭക്ഷ്യ മന്ത്രി കേരളത്തിലെ റേഷൻ കടകളുടെ പ്രവർത്തനത്തെ പ്രശംസിക്കുകയുണ്ടായി. ഓരോ വർഷവും നടപ്പിലാക്കേണ്ട വികസന പദ്ധതികൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് കൃത്യമായ മോണിറ്ററിംഗിലൂടെയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം പേർക്ക് ബിപിഎൽ കാർഡ് അനുവദിച്ചു. ഇക്കൊല്ലം ലഭിച്ച എഴുപത്തയ്യായിരത്തിൽ പരം അപേക്ഷകളിൽ പരിശോധനയിലൂടെ തെരഞ്ഞെടുത്ത  51,000 പേർക്ക് ബിപിഎൽ കാർഡ് വിതരണം ആരംഭിച്ചിട്ടുണ്ട്.

പട്ടയം ഇല്ലാത്ത മുഴുവൻ പേർക്കും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി
നടന്നു വരികയാണ്.ലൈഫ് മിഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട
ഭുരഹിതർക്ക് ഭൂമി നൽകാൻ ഏക്കറു കണക്കിന് സ്ഥലം കൈവശമുള്ള ഭൂവുടമകളുമായി
ചർച്ച നടത്തും.ഇതിനു വേണ്ടി പ്രത്യേക കാമ്പയിൻ ആരംഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു ലേഖാറാണി അധ്യക്ഷത വഹിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് കെട്ടിടം പണിയാൻ കായ്പ്പാടി തെക്കേക്കര കുന്നിൽ വീട്ടിൽ പരേതയായ വിജയമ്മയുടെ ഓർമ്മയ്ക്കായി മകൾ അജിതകുമാരി സൗജന്യമായി വിട്ടു നൽകിയ ഭൂമിയുടെ ആധാരം മന്ത്രി ഏറ്റുവാങ്ങി.വട്ടവിള നിവാസികളുടെ ചിരകാല സ്വപ്നമായ പട്ടയം ലഭ്യമാക്കിയ മന്ത്രിക്ക് നാട്ടുകാർ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്.

വിദ്യാഭ്യാസ, കലാ- കായിക-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകളെ മന്ത്രി ആദരിച്ചു. വാർഡ് മെമ്പർ എസ് ശ്രീകല സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്
പി വൈശാഖ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി രാജീവ്, പി ഉഷാകുമാരി , വീണാ രാജീവ്, മെമ്പർമാരായ എസ് സുരേഷ് കുമാർ , ആർ ഹസീന, ആർ പ്രീത, ഷംല തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!