Trending Now

പട്ടാപ്പകല്‍ വീടിന്റെ കതക് തകര്‍ത്ത് 13 പവനും 6500 രൂപയും മോഷ്ടിച്ചു: രണ്ടു പേരെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

 

konnivartha.com : വീട്ടമ്മ എടിഎമ്മിലേക്ക് പോയ തക്കം നോക്കി അടുക്കള വാതില്‍ കുത്തിത്തുറന്ന് 13 പവന്റെ സ്വര്‍ണ ഉരുപ്പടികളും 6500 രൂപയും മോഷ്ടിച്ച കേസില്‍ രണ്ടു പേരെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നീര്‍ക്കര അമ്പലക്കടവ് കൂട്ടുമുറിയില്‍ പി.അനീഷ്(42), തണ്ണിത്തോട് തേക്കുതോട് വെട്ടുവേലിപ്പറമ്പില്‍ വീട്ടില്‍ നിന്നും കാരിമാന്‍തോട് സ്‌കൂളിന് സമീപം ചിറ്റാരിക്കല്‍ ഷിബുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്മായി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് കുമാര്‍ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തേക്കുതോട് കവുങ്ങിനാംകുഴിയില്‍ രവീന്ദ്രന്റെ ഭാര്യ വത്സല (57)യുടെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് തണ്ണിത്തോട് പോലീസ് ഇവരെ പിടികൂടിയത്. വത്സല തേക്കുതോട് ജംഗ്ഷനിലെ എടിഎമ്മില്‍ പോയ
തക്കത്തിനാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. അടുക്കളയുടെ രണ്ടുപാളി കതകിന്റെ അടിയിലെ പാളി കമ്പികൊണ്ട് തിക്കിയിളക്കി അകത്തുകയറിയ അനീഷ് കിടക്കമുറികളിലെ അലമാരകളില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അലമാരയിലെ ബാഗില്‍ സൂക്ഷിച്ച 6500 രൂപയും മോഷ്ടിച്ചു.

അഞ്ചര പവന്‍ വരുന്ന സ്വര്‍ണവും ഡയമണ്ടും ചേര്‍ന്ന മാല, മൂന്ന് പവന്റെ പാലയ്ക്കാമാല, ആറു ജോഡി കമ്മല്‍, ഒരു ചെയിന്‍, ഒരു വള എന്നിവ ഉള്‍പ്പെടെ ആകെ 13 പവന്റെ സ്വര്‍ണഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. അലമാരയില്‍ തന്നെ ഇട്ടിരുന്ന താക്കോല്‍ കൊണ്ട് തുറന്നാണ് ഇവ കവര്‍ന്നെടുത്തത്. ആകെ ഏഴു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പിറ്റേന്ന് തണ്ണിത്തോട് പോലീസിന് വത്സല നല്‍കിയ മൊഴിയില്‍ പറയുന്നു.

വിരലടയാള വിദഗ്ദ്ധര്‍, ഡിപ്പാര്‍ട്‌മെന്റ് ഫോട്ടോഗ്രാഫര്‍ എന്നിവരെക്കൊണ്ട് പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സംശയിക്കുന്ന ആളുകളുടെ മൊബൈല്‍ നമ്പരുകളുടെ വിളിസംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചും മറ്റും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് അനീഷിന്റെ ഫോണ്‍ ലൊക്കേഷന്‍ കന്യാകുമാരിയിലാണ് എന്ന് മനസ്സിലാക്കിയ പോലീസ് അഞ്ചാം തിയതി അവിടെയെത്തി ഇയാളെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും രണ്ടാം പ്രതി രാജേഷിന്റെ കേസിലെ പങ്കാളിത്തം സംബന്ധിച്ച് വെളിപ്പെടുത്തുകയും ചെയ്തു. രാജേഷിനെ തേക്കുതോട് നിന്നും കസ്റ്റഡിയിലെടുത്തു, ഇരുവരുടെയും വിരലടയാളങ്ങള്‍ ശേഖരിച്ചു.

പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നീര്‍ക്കര താമരശ്ശേരി അമ്പലക്കടവില്‍ നിന്നും, സ്വര്‍ണം വില്പന നടത്തിയ കോന്നിയിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും, പ്രതികളുടെ കൈവശത്തുനിന്നും സ്വര്‍ണാഭരണങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തു. അനീഷിനെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തണ്ണിത്തോട് എസ് ഐ രാകേഷിന്റെ നേതൃത്വത്തില്‍ എ എസ് ഐ അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ റാഫി, നജീബ്, അരുണ്‍, ഷീജ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടി നടപടികള്‍ സ്വീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!