
ജൂൺ 19 ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും
konnivartha.com: കോന്നി ഗവ.മെഡിക്കൽ കോളജിൽ അനുവദിച്ച സി.റ്റി.സ്കാൻ പൂർണ പ്രവർത്തനസജ്ജമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഉദ്ഘാടനം ജൂൺ 19 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്നും എംഎൽഎ പറഞ്ഞു.
അഞ്ചു കോടി രൂപ ചെലവഴിച്ചാണ് ജി.ഇ.ഹെൽത്ത് കെയർ കമ്പനിയുടെ അത്യാധുനിക സി .ടി .സ്കാൻ സംവിധാനം മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയത്. ഇതോടെ രോഗനിർണയം വേഗത്തിൽ നടത്തി ആധുനിക ചികിത്സ രോഗികൾക്ക് ഉറപ്പാക്കാൻ കഴിയും.
സി.ടി.സ്കാൻ മുറി, സി.ടി. പ്രിപ്പറേഷൻ മുറി, സി.ടി.കൺസോൾ, സി.ടി. റിപ്പോർട്ടിംഗ് മുറി, റേഡിയോളജി സ്റ്റോർ മുറി,. യു.പി.എസ് മുറി, ഡോക്ടർമാർക്കും, നഴ്സിംഗ് ഓഫീസർമാർക്കുമുള്ള മുറികൾ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
സി.ടി.സ്കാൻ സംവിധാനം കൂടി സജ്ജമായതോടെ റേഡിയോളജി ഡിപ്പാർട്ട്മെൻറ് കൂടുതൽ ശക്തമായതായി എംഎൽഎ പറഞ്ഞു. അൾട്രാസൗണ്ട് സ്കാൻ, എക്സ്റേ സംവിധാനങ്ങൾ നേരത്തേ സജീകരിച്ചിട്ടുണ്ട്. എം.ആർ.ഐ സ്കാനിംഗ് സംവിധാനം കൂടി സ്ഥാപിക്കാൻ ആവശ്യമായ ഇടപെടൽ നടക്കുന്നതായും എംഎൽഎ പറഞ്ഞു.